രണ്ട് ചുവപ്പ് കാർഡും വാങ്ങി വോൾവ്സിനു മുന്നിൽ പരാജയം ഏറ്റുവാങ്ങി ആഴ്സണൽ

20210203 012202
- Advertisement -

ആഴ്സണൽ പതിവ് ആഴ്സണൽ ലെവലിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്‌. അവസാന ആഴ്ചകളിൽ പ്രതീക്ഷ നൽകിയ പ്രകടനങ്ങളിൽ നിന്ന് തിരികെ അബദ്ധങ്ങൾ നടത്തി തോൽവി ചോദിച്ചു വാങ്ങുന്ന ആഴ്സണലാവുന്നതാണ് ഇന്ന് കണ്ടത്. ഒന്ന് വോൾവ്സ് ആണ് ആഴ്സണലിനെ തോൽപ്പിച്ചത്. ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് ആഴ്സണൽ 2-1ന്റെ പരാജയം ഏറ്റുവാങ്ങിയത്. രണ്ടു ചുവപ്പ് കാർഡുകൾ വാങ്ങിയതാണ് ആഴ്സണൽ പരാജയപ്പെട്ടത്.

നല്ല രീതിയിൽ കളിച്ചു തുടങ്ങിയ ആഴ്സണൽ 9ആം മിനുട്ടിൽ തന്നെ സാകയിലൂടെ ഗോളടിച്ചു എങ്കിലും ആ ഗോൾ നിലനിന്നില്ല. 32ആം മിനുട്ടിലാണ് ആഴ്സണലിന്റെ ഗോൾ വന്നത്. പെപെയാണ് ആഴ്സണലിന് ലീഡ് നൽകിയത്‌. എല്ലാം നല്ല നിലയിൽ പോകുമ്പോൾ ആണ് ഡേവിഡ് ലൂയിസ് ചുവപ്പ് കണ്ടതും വോൾവ്സിന് പെനാൾട്ടി ലഭിച്ചതും. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ആയിരുന്നു ഡേവിഡ് ലൂയിസ് ചുവപ്പ് കണ്ടത്. ഇതിനു പിന്നാലെ റൂബെൻ നെവസ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് സമനില നേടി.

രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ മൗട്ടീനോയിലൂടെ വോൾവ്സ് ലീഡ് എടുത്തു. ഒരു വേൾഡ് ക്ലാസ് സ്ക്രീമറിലൂടെ ആയിരുന്നു മൗട്ടീനോ ഗോൾ നേടിയത്. ഈ സീസണിലെ മികച്ച ഗോളുകളിൽ ഒന്നാകും ഇത്. മത്സരത്തിൽ തിരിച്ചുവരാൻ ആഴ്സണൽ ശ്രമിച്ചു എങ്കിലും അവരുടെ ഗോൾ കീപ്പർ ലെനോയും ചുവപ്പ് കണ്ടു. പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് പന്ത് കൈകൊണ്ട് തൊട്ടതിനായിരുന്നു ലെനോയ്ക്ക് ചുവപ്പ് കിട്ടിയത്.

ഈ പരാജയം ആഴ്സണലിനെ പത്താമത് നിർത്തും. 31 പോയിന്റാണ് ആഴ്സണലിന് ഉള്ളത്. വോൾവ്സ് 26 പോയിന്റുമായി 13ആം സ്ഥാനത്ത് നിൽക്കുന്നു.

Advertisement