ടോട്ടനത്തിന് എതിരെ ഏറ്റ പരാജയം മറക്കാനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിടാൻ ഇറങ്ങുന്നു. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ ഒരു വിജയം മാത്രമല്ല നല്ല ഒരു പ്രകടനം കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് നടത്തേണ്ടി വരും. അവരുടെ ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലെയും പ്രകടനം അത്ര മോശമായിരുന്നു. ആദ്യ മത്സരത്തിൽ യുണൈറ്റഡ് വോൾവ്സിനെ തോൽപ്പിച്ചു എങ്കിലും അന്ന് ഭാഗ്യം കൊണ്ട് മാത്രമായിരുന്നു യുണൈറ്റഡ് 3 പോയിന്റ് നേടിയത്.
രണ്ടാം മത്സരത്തിൽ സ്പർസിനെതിരെ ദയനീയ പ്രകടനം ആണ് യുണൈറ്റഡ് കാഴ്ചവെച്ചത്. മിഡ്ഫീൽഡിൽ പന്ത് നിയന്ത്രിക്കാൻ ആകാത്തത് ആണ് യുണൈറ്റഡിന്റെ പ്രധാന പ്രശ്നം. ഒപ്പം അറ്റാക്കിൽ ഗോളടിക്കാനും യുണൈറ്റഡിന് ആളില്ല. പരിക്ക് കാരണം സ്ട്രൈക്കർ റാസ്മസ് ഹൊയ്ലുണ്ട് ഇനിയും യുണൈറ്റഡിനായി അരങ്ങേറ്റം നടത്തിയില്ല. മധ്യനിര താരം മേസൺ മൗണ്ടും ഡിഫൻഡർ ലൂക് ഷോയും പരിക്ക് കാരണം പുറത്തായതും യുണൈറ്റഡിന് തിരിച്ചടിയാണ്.
മറുവശത്ത് നോട്ടിങ്ഹാം ഫോറസ്റ്റും ഒരു വിജയവും ഒരു പരാജയവുമായാണ് മത്സരത്തിലേക്ക് വരുന്നത്. ആദ്യ മത്സരത്തിൽ ആഴ്സണലിനോട് തോറ്റ ഫോറസ്റ്റ് രണ്ടാം മത്സരത്തിൽ ഷെൽഫീൽഡിനെ തോല്പിച്ചിരുന്നു. ഇന്ന് രാത്രി 7.30നാണ് മത്സരം. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും കാണാം.