മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും പഴയ പടിയെ. ഒരടി മുന്നോട്ട് രണ്ടടി പിറകോട്ട് എന്ന പോലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തിൽ ആസ്റ്റൺ വില്ലക്ക് എതിരെ തകർപ്പൻ തിരിച്ചുവരവ് നടത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് നോട്ടിങ്ഹാം ഫോറസ്റ്റിനോട് പരാജയപ്പെട്ടു. ഫോറസ്റ്റിന്റെ ഹോം ഗ്രൗണ്ടിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഫോറസ്റ്റിന്റെ വിജയം.
ഇന്ന് വിരസമായ ആദ്യ പകുതിയാണ് കാണാൻ ആയത്. ഇരുടീമുകളും കാര്യമായ അവസരം ഒന്നും സൃഷ്ടിച്ചില്ല. രണ്ടാം പകുതിയിൽ കളി കുറച്ചു കൂടെ ആവേശകരമായി. 64ആം മിനുട്ടിൽ ഡോമിംഗസ് ഫോറസ്റ്റിന് ലീഡ് നൽകി. ഇത് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഉണർത്തി. അവർ അറ്റാക്ക് ചെയ്യാൻ തുടങ്ങി. ഡാലോട്ടിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നത് കാണാൻ ആയി.
78ആം മിനുട്ടിൽ ഫോറസ്റ്റിന്റെ ഗോൾകീപ്പർ ടർണറിന്റെ അബദ്ധം യുണൈറ്റഡിന് ഗുണമായി. പന്ത് കൈക്കലാക്കിയ ഗർനാചോ പന്ത് റാഷ്ഫോർഡിന് നൽകി ഫസ്റ്റ് ടൈം ഷോട്ടിൽ റാഷ്ഫോർഡ് പന്ത് വലയിൽ എത്തിച്ചു. സ്കോർ 1-1. പക്ഷെ ആ സമനില അധിക നേരം നീണ്ടു നിന്നില്ല.
82ആം മിനുട്ടിൽ ഫോറസ്റ്റ് ലീഡ് തിരികെ നേടി. ഗിബ്സ് വൈറ്റിന്റെ ഷോട്ടിൽ ഫോറസ്റ്റ് വിജയത്തിലേക്ക്. സ്കോർ 2-1. അവിടെ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു തിരിച്ചുവരവ് ഉണ്ടായില്ല.
ഈ പരാജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 31 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്. 20 പോയിന്റുമായി ഫോറസ്റ്റ് 15ആം സ്ഥാനത്തും നിൽക്കുന്നു.