ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് കണ്ടതൊരു ത്രില്ലർ ആയിരുന്നു. ഒരു ക്ലാസിക് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന മത്സരം. മാഞ്ചസ്റ്റർ യുണൈറ്റഡ് 4-3 എന്ന സ്കോറിന് വിജയിച്ച മത്സരത്തിൽ ഇല്ലാത്ത നാടകീയത ഒന്നും ഇല്ലായിരുന്നു എന്ന് പറയാം. 3-1ന്റെ ലീഡ് കൈവിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് 95ആം മിനുട്ടിൽ 3-3ലേക്ക് കൂപ്പുകുത്തുന്നതും അവിടെ നിന്ന് ടീനേജ് താരം കോബി മൈനോയുടെ ഗോളിൽ യുണൈറ്റഡ് വിജയിക്കുന്നതും ഇന്ന് കാണാൻ ആയി.
മത്സരം ആരംഭിച്ച് അഞ്ചാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. വിവാദ നായകനായ മാർക്കസ് റാഷ്ഫോർഡ് ആണ് യുണൈറ്റഡിന് ലീഡ് നൽകിയത്. വിമർശനങ്ങൾക്ക് ഗോൾ കൊണ്ട് മറുപടി പറയുകയായിരുന്നു റാഷ്ഫോർഡ്. ഹൊയ്ലുണ്ട് ആയിരുന്നു ഈ ഗോൽ ഒരുക്കിയത്.
22ആം മിനുട്ടിൽ ഹൊയ്ലുണ്ടിലൂടെ യുണൈറ്റഡ് തങ്ങളുടെ രണ്ടാം ഗോൾ കണ്ടെത്തി. ലൂക് ഷോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. യുണൈറ്റഡിന് ലീഡ് ഉയർത്താൻ നിരവധി അവസരങ്ങൾ ലഭിച്ചു എങ്കിലും അവർ അവസരങ്ങൾ തുലച്ചത് തിരിച്ചടിയായി.
71ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ വോൾവ്സിന് കളിയിലേക്ക് തിരികെഉറപ്പിച്ചു.സരാബിയ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. സ്കോർ 2-1. എന്നാൽ ആ പ്രതീക്ഷ അധികനേരം നിന്നില്ല. സബ്ബായി എത്തിയ മക്ടോമിനെ ഒരു കോർണറിൽ നിന്ന് ഗോൾ കണ്ടെത്തിയതോടെ സ്കോർ 3-1 എന്നായി. ഇത് യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു എന്ന് കരുതി. എന്നാൽ കളിയിൽ ട്വിസ്റ്റ് ഇനിയും ബാക്കി ഉണ്ടായിരുന്നു.
85ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് കിൽമൻ വോൾവ്സിന്റെ രണ്ടാം ഗോൾ നേടി. സ്കോർ 3-2. ഇത് ആവേശകരമായ അവസാന നിമിഷങ്ങൾ നൽകി. മാഞ്ചസ്റ്റർ യുണൈറ്റഡ് തീർത്തും ഡിഫൻസിലേക്ക് പോയതോടെ വോൾവ്സിന് കാര്യങ്ങൾ എളുപ്പമായി. 95ആം മിനുട്ടിൽ പെഡ്രോ നെറ്റോയിലൂടെ വോൾവ്സ് സമനില നേടി. സ്കോർ 3-3
യുണൈറ്റഡ് ആരാധകർ നിരാശയിലാണ്ട നിമിഷത്തിൽ ടീനേജ് താരം കോബി മൈനോ യുണൈറ്റഡിന്റെ രക്ഷകനായി. പന്ത് സ്വീകരിച്ച് ഡിഫൻഡേഴ്സിനെ ഡ്രിബിൾ ചെയ്ത് പന്ത് മനീഹരമായി ഫിനിഷ് ചെയ്ത് മൈനോ യുണൈറ്റഡിന് ജയം നൽകി. സ്കോർ 4-3. ഈ സീസണിൽ പ്രീമിയർ ലീഗ് കണ്ട ഏറ്റവും മികച്ച മത്സരമാകും ഇത്.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 35 പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്.