പ്രതിരോധത്തിൽ ഊന്നി മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസിയെ സമനിലയിൽ തളച്ചു

Newsroom

ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെൽസിയെ അവരുടെ ഹോം ഗ്രൗണ്ടിൽ ചെന്ന് സമനിലയിൽ പിടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് സ്റ്റാംഫോബ്രിഡ്ജിൽ നടന്ന മത്സരം 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്. പ്രതിരോധത്തിൽ ഊന്നി കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസ് ഭേദിക്കാൻ ചെൽസി പ്രയാസപ്പെടുന്നതാണ് ഇന്ന് കാണാൻ കഴിഞ്ഞത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തിയാണ് കാരിക്ക് തന്റെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിൻവ് അണിനിരത്തിയത്. തീർത്തും ഡിഫൻസിൽ ഊന്നി കൗണ്ടറിനായി കാത്തിരിക്കുക എന്നതായിരുന്നു കാരിക്കിന്റെ ഇന്നത്തെ തന്ത്രം. ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു അറ്റാക്ക് പോലും നടത്തിയില്ല. കളി പൂർണ്ണമായും ചെൽസിയുടെ നിയന്ത്രണത്തിൽ ആയിരുന്നു. ഡി ഹിയയുടെ രണ്ട് മികച്ച സേവുകൾ കളി ഗോൾ രഹിതമായി നിർത്തി.

ആദ്യ പകുതിയിൽ റുദിഗറിന്റെ ഒരു ഷോട്ട് ബാറിൽ തട്ടി മടങ്ങുന്നതും കണ്ടു. രണ്ടാം പകുതിയിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിൽ ഊന്നിയ ടാക്ടിക്സ് തന്നെയാണ് എടുത്തത്. ഇതിന് പക്ഷെ ഇത്തവണ ഫലം കിട്ടി. ചെൽസിയുടെ ഒരു കോർണറിൽ നിന്ന് ബ്രൂണോയുടെ ക്ലിയറൻസ് ഗ്രൗണ്ടിന്റെ മധ്യത്തിൽ ഉണ്ടായിരുന്ന ജോർഗീഞ്ഞോയ്ക്ക് നിയന്ത്രിക്കാൻ ആയില്ല. ജോർഗീഞ്ഞോയിൽ നിന്ന് പന്ത് തട്ടിയെടുത്ത് ജേഡൻ സാഞ്ചോ കുതിച്ചു. പെനാൾട്ടി ബോക്സ് വരെ പോയി സാഞ്ചോ തന്നെ ആ പന്ത് വലയിൽ എത്തിച്ചു.

രണ്ടു മത്സരങ്ങൾക്ക് ഇടയിൽ രണ്ടാം സാഞ്ചോ ഗോൾ‌. ഈ ഗോളിന് ശേഷം മത്സരം കൂടുതൽ തുറന്നതായി. ചെൽസി ഗോളിനായി ശ്രമിക്കുന്നത് മറുവശത്ത് യുണൈറ്റഡിനും അവസരങ്ങൾ നൽകി. 63ആം മിനുട്ടിൽ യുണൈറ്റഡ് സാഞ്ചോയെ പിൻവലിച്ച് റൊണാൾഡോയെ കളത്തിൽ എത്തിച്ചു. റൊണാൾഡോ വന്ന് മിനുട്ടുകൾക്ക് അകം യുണൈറ്റഡ് സമനില വഴങ്ങി.

68ആം മിനുട്ടിൽ വാൻ ബിസാക പെനാൾട്ടി ബോക്സിൽ തിയാഗോ സിൽവയെ വീഴ്ത്തി. ഈ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ജോർഗീഞ്ഞോ ചെൽസിക്ക് സമനില നൽകി. പിന്നീട് വിജയ ഗോളിനായുള്ള ചെൽസിയുടെ തുടർ ശ്രമങ്ങൾ ആണ് കണ്ടത്. പക്ഷെ ഡി ഹിയയെ പരീക്ഷിക്കാൻ അവർക്ക് ആയില്ല. അറ്റാക്ക് ശക്തമാക്കാനായി ചെൽസി മൗണ്ടിനെയും പുലിസികിനെയും ലുകാകുവിനെയും കളത്തിൽ എത്തിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് ലിംഗാർഡിനെയും സബ്ബായി എത്തിച്ചു. പക്ഷെ രണ്ടു ടീമുകൾക്കും വിജയ ഗോൾ നേടാൻ ആയില്ല.

ഈ സമനില 30 പോയിന്റുമായി ചെൽസിയെ ലീഗിൽ ഒന്നാമത് നിർത്തുകയാണ്. 18 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് എട്ടാം സ്ഥാനത്താണ്.