ലൈപ്സിഗിനെ വീഴ്ത്തി ലെവർകുസന്റെ യുവനിര, ലീഗിൽ മൂന്നാമത്

ബുണ്ടസ് ലീഗയിൽ ആർ.ബി ലൈപ്സിഗിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു ബയേർ ലെവർകുസൻ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. യുവ താരങ്ങളുടെ മികവിൽ ആണ് ലെവർകുസൻ മത്സരത്തിൽ ജയം കണ്ടത്. പന്ത് കൈവശം വക്കുന്നതിൽ ലൈപ്സിഗ് മുൻതൂക്കം കണ്ടതിയെങ്കിലും അവസരങ്ങൾ തുറക്കുന്നതിൽ ലെവർകുസൻ ഒട്ടും പിറകിൽ ആയിരുന്നില്ല. 21 മത്തെ മിനിറ്റിൽ പലാസിയോസിന്റെ ത്രൂ ബോളിൽ നിന്നു 18 കാരനായ ഫ്ലോറൻ വിർറ്റ്‌സ് ആണ് ലെവർകുസന്റെ ആദ്യ ഗോൾ നേടുന്നത്. സീസണിൽ അതുഗ്രൻ ഫോമിലുള്ള താരത്തിന്റെ സീസണിലെ അഞ്ചാം ഗോൾ ആയിരുന്നു ഇത്. 11 കളികളിൽ ഇത് കൂടാതെ 6 അസിസ്റ്റുകളും താരം നൽകിയിട്ടുണ്ട്.

തുടർന്ന് 34 മത്തെ മിനിറ്റിൽ ലെവർകുസൻ രണ്ടാം ഗോൾ കണ്ടത്തി. ജോനാഥൻ തായുടെ പാസിൽ നിന്നു 22 കാരനായ മൂസ ദിയാബിയാണ് ഇത്തവണ ഗോൾ കണ്ടത്തിയത്. തുടർന്ന് സമനിലക്ക് ആയി ലൈപ്സിഗ് കിണഞ്ഞു പരിശ്രമിച്ചു. രണ്ടാം പകുതിയിൽ 62 മത്തെ മിനിറ്റിൽ ക്രിസ്റ്റഫർ എൻങ്കുങ്കുവിന്റെ ക്രോസിൽ നിന്നു ആന്ദ്ര സിൽവ ഹെഡറിലൂടെ ഒരു ഗോൾ ലൈപ്സിഗിന് ആയി മടക്കി. എന്നാൽ രണ്ടു മിനിറ്റിനകം ദിയാബിയുടെ പാസിൽ നിന്നു 20 കാരനായ ജെറമി ഫ്രിംപോങ് ലെവർകുസന്റെ മൂന്നാം ഗോൾ നേടി ജയം ഉറപ്പിച്ചു. ജയത്തോടെ ലെവർകുസൻ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ലൈപ്സിഗ് എട്ടാം സ്ഥാനത്ത് തുടരുകയാണ്.