പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ അങ്കമാണ് ഇന്ന്. ഓൾഡ്ട്രാഫോർഡിൽ വെച്ച് റോയ് ഹോഡ്സന്റെ ക്രിസ്റ്റൽ പാലസിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് നേരിടുന്നത്. പുതിയ സീസൺ ആണെങ്കിലും കാര്യമായ പുതുമയൊന്നും മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇത്തവണ ഇല്ല. പരിശീലകനും ആരാധകരും നിരന്തരം ആവശ്യപ്പെട്ടിട്ടും ടീം മെച്ചപ്പെടുത്താൻ മാനേജ്മെന്റ് തയ്യാറാകാത്തത് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാമ്പിൽ തന്നെ നിരാശ ഉയർത്തുന്നുണ്ട്. ആകെ വാൻ ഡെ ബീക് മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതുതായി എത്തിയത്.
ഡച്ച് യുവതാരം വാൻ ഡെ ബീക് ഇന്ന് പാലസിനെതിരെ കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മാർഷ്യൽ, റാഷ്ഫോർഡ്, പോഗ്ബ, ലൂക് ഷോ എന്നിവരൊക്കെ ഫിറ്റ്നെസ് വീണ്ടെടുത്തിട്ടുണ്ട്. ഇവരൊക്കെ ആദ്യ ഇലവനിൽ ഉണ്ടാകും. ബ്രൂണൊ ഫെർണാണ്ടസ്, ഗ്രീൻവുഡ് എന്നിവർ ഇന്ന് ബെഞ്ചിലാകും എന്ന് പരിശീലകൻ സൂചന നൽകിയിരുന്നു. ആര് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾ വല കാക്കാൻ ഇറങ്ങും എന്നതും സംശയമാണ്. ഡിഹിയയോ ഡീൻ ഹെൻഡേഴ്സണോ ആരാകും ഇറങ്ങുക എന്ന് ഒലെ ഗണ്ണാർ സോൾഷ്യാറും വ്യക്തമാക്കിയിട്ടില്ല.
ആദ്യ മത്സരത്തിൽ സൗതാമ്പ്ടണെ തോൽപ്പിച്ച ക്രിസ്റ്റൽ പാലസ് മാഞ്ചസ്റ്റർ യുണൈറ്റഡിനെയും ഞെട്ടിക്കാം എന്ന വിശ്വാസത്തിലാണ്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സാഹയുടെ മികച്ച ഫോമാണ് പാലസിന്റെ കരുത്ത്. ഇന്ന് രാത്രി 10 മണിക്കാണ് മത്സരം. കളി തത്സമയം സ്റ്റാർ നെറ്റ്വർക്കിലും ഹോട്സ്റ്റാറിലും കാണാം.