95ആം മിനുട്ടിൽ വിജയ ഗോൾ!! മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ തോൽവി സമ്മാനിച്ച് ബ്രൈറ്റൺ

Newsroom

തന്റെ ഗോൾ ആഘോഷിക്കുന്ന വെൽബക്ക്
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ബ്രൈറ്റൺ തോൽപ്പിച്ചു. ഇഞ്ച്വറി ടൈമിൽ നേടിയ വിജയ ഗോളിലൂടെ 2-1ന്റെ വിജയമാണ് ബ്രൈറ്റൺ നേടിയത്. 95ആം മിനുട്ടിൽ ജാവോ പെഡ്രോ ആണ് ബ്രൈറ്റണായി വിജയ ഗോൾ നേടിയത്.

വെൽബക്ക് തന്റെ ക്ലബ് കരിയറിലെ നൂറാം ഗോളിൽ എത്തി
വെൽബക്ക് തന്റെ ക്ലബ് കരിയറിലെ നൂറാം ഗോളിൽ എത്തി

ഇന്ന് അമെക്സ് സ്റ്റേഡിയത്തിൽ തുടക്കം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിടിച്ചു കെട്ടാൻ ബ്രൈറ്റണായി. യുണൈറ്റഡ് നല്ല അറ്റാക്കിംഗ് നീക്കങ്ങൾ നടത്താൻ കഷ്ടപ്പെടുന്നത് കാണാൻ ആയി. ബ്രൈറ്റൺ ആകട്ടെ അവർക്ക് ലഭിച്ച ആദ്യ നല്ല അവസരം തന്നെ ലക്ഷ്യത്തിൽ എത്തിച്ചു. 32ആം മിനുട്ടിൽ ആണ് അവരുടെ ആദ്യ ഗോൾ വന്നത്.

മിറ്റോമ നൽകിയ പാസ് ഒരു ടാപിന്നിലൂടെ വെൽബക്ക് വലയിൽ എത്തിച്ചു. വെൽബക്കിന്റെ ക്ലബ് കരിയറിലെ നൂറാം ഗോളായിരുന്നു ഇത്. മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം പകുതിയിൽ സിർക്സിയെ കളത്തിൽ എത്തിച്ച് അറ്റാക്ക് ശക്തപ്പെടുത്തി.

58ആം മിനുട്ടിൽ വെൽബക്കിന്റെ ഒരു ഹെഡർ പോസ്റ്റിൽ തട്ടി വന്നത് യുണൈറ്റഡിന് രക്ഷയായി. ഇതിന് തൊട്ടടുത്ത മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അമദ് ദിയാലോയിലൂടെ സമനില ഗോൾ നേടു. വലതുവിങ്ങിൽ മസ്റോയിയുടെ പാസ് സ്വീകരിച്ച് ഒറ്റയ്ക്ക് മുന്നേറിയ അമദ് തന്റെ ഇടം കാലൻ ഫിനിഷിലൂടെ പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. സ്കോർ 1-1.

71ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മനോഹരമായ കൗണ്ടർ അറ്റാക്കിലൂടെ ലീഡ് എടുത്തു എങ്കിലും സിർക്സീ ഓഫ്സൈഡ് ആയതിനാൽ ആ ഗോൾ നിഷേധിക്കപ്പെട്ടു. സ്കോർ സമനിലയിൽ തുടർന്നു.

95ആം മിനുട്ടിൽ ജാവോ പെഡ്രോയുടെ ഹെഡറിൽ ബ്രൈറ്റൺ വിജയ ഗോൾ നേടി. അഡിംഗ്രയുടെ പാസിൽ നിന്നായിരുന്നു ഈ ഗോൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതോടെ സീസണിലെ അവരുടെ ആദ്യ പരാജയം സമ്മതിച്ചു.

ഈ വിജയത്തോടെ ബ്രൈറ്റണ് 2 മത്സരങ്ങളിൽ നിന്ന് 6 പോയിന്റ് ആയി. മാഞ്ചസ്റ്റർ യുണൈറ്റഡ് 3 പോയിന്റിൽ നിൽക്കുന്നു.