പ്രീമിയർ ലീഗിൽ വിജയമില്ലാതെ മൂന്ന് മത്സരങ്ങൾ പിന്നിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വീണ്ടും പ്രീമിയർ ലീഗിൽ ഇറങ്ങും. ഓൾഡ്ട്രാഫോർഡിൽ നടക്കുന്ന മത്സരത്തിൽ ബ്രെന്റ്ഫോർഡിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് നേരിടുന്നത്. ഈ സീസൺ തുടക്കത്തിൽ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു നാണംകെട്ട പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇന്ന് ആ പരാജയത്തിന് കണക്കുതീർക്കുക എന്ന ലക്ഷ്യം കൂടെ യുണൈറ്റഡിന് ഉണ്ട്. ഇപ്പോൾ ടോപ് 4ന് പുറത്തായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനിയും പരാജയപ്പെട്ടാൽ അവരുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത എന്ന സ്വപ്നവും അകലും.
മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്നത്തെ ആശങ്കയും അവരുടെ മിഡ്ഫീൽഡ് ആകും. കസെമിറോയുടെ അഭാവത്തിൽ ന്യൂകാസിൽ യുണൈറ്റഡിന്റെ മധ്യനിര ദയനീയ പ്രകടനം ആയിരുന്നു നടത്തിയത്. ഇന്ന് ഫ്രെഡും മക്ടോമിനയും മധ്യനിരയിൽ ഇറങ്ങാൻ ആണ് സാധ്യത. മാർക്കസ് റാഷ്ഫോർഡ് അല്ലാതെ ആരും ഗോളടിക്കുന്നില്ല എന്നതും യുണൈറ്റഡിന്റെ പ്രശ്നമാണ്. അവസാന മൂന്ന് പ്രീമിയർ ലീഗ് മത്സരത്തിലും യുണൈറ്റഡ് ഗോൾ അടിച്ചിട്ടില്ല.
ഇന്ന് രാത്രി 12.30നാണ് മത്സരം. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും കാണാം.