മനോഹരം മാഞ്ചസ്റ്റർ യുണൈറ്റഡ്!! വീണ്ടുമൊരു വൻ വിജയം

മാഞ്ചസ്റ്റർ യുണൈറ്റഡ് പറക്കുകയാണ് എന്ന് തന്നെ പറയാം. മറ്റൊരു വൻ വിജയം കൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയിരിക്കുകയാണ്‌. ഇന്ന് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് 4 പ്രതീക്ഷകൾ സജീവമാക്കുന്ന വിജയം കൂടിയാണിത്. ഇന്നും യുണൈറ്റഡ് അറ്റാക്ക് എതിരാളികളുടെ ഡിഫൻസിനെ വെള്ളം കുടിപ്പിക്കുന്നതാണ് കണ്ടത്.

മത്സരത്തിന്റെ തുടക്കത്തിൽ ആസ്റ്റൺ വില്ല മികച്ചു നിന്നെങ്കിലും ഒരു പെനാൾട്ടി കളി ആകെ മാറ്റി. ബ്രൂണൊ ഫെർണാണ്ടസ് നേടിയ പെനാൾട്ടി റഫറിയുടെ വിവാദ തീരുമാനം ആയെങ്കിലും ആ പെനാൾട്ടിയിൽ നിന്ന് യുണൈറ്റഡ് ലീഡ് എടുത്തു. ബ്രൂണൊ ഫെർണാണ്ടസ് തന്നെയാണ് വല കുലുക്കിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ആണ് രണ്ടാം ഗോൾ വന്നത്.

ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് യുണൈറ്റഡിന്റെ വണ്ടർ കിഡ് ഗ്രീൻവുഡ് ആണ് രണ്ടാം ഗോൾ നേടിയത്. ഗ്രീൻവുഡിന്റെ വലം കാൽ ഷോട്ട് കീപ്പർ റൈന കണ്ടത് പോലുമില്ല. 18കാരനായ ഗ്രീൻവുഡിന്റെ സീസണിലെ 16ആം ഗോളായിരുന്നു ഇത്. ഈ ഗോളോടെ കളി പൂർണ്ണമായും യുണൈറ്റഡിന്റെ നിയന്ത്രണത്തിലായി. രണ്ടാം പകുതിയിലും അറ്റാക്ക് തുടർന്ന് യുണൈറ്റഡ് പോഗ്ബയിലൂടെ മൂന്നാം ഗോളും നേടി.

ഒരു കോർണറിൽ നിന്ന് ബ്രൂണോ കണ്ടെത്തിയ പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിന് പുറത്ത് നിന്നാണ് പോഗ്ബ ഗോൾ നേടിയത്. ഈ ഗോളിന് ശേഷം യുണൈറ്റഡ് പ്രധാന താരങ്ങളെ ഒക്കെ പിൻവലിച്ചത് ആസ്റ്റൺ വില്ലക്ക് ആശ്വാസമായി. ഈ വിജയം അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡിനെ നാലാം സ്ഥാനത്തുള്ള ലെസ്റ്റർ സിറ്റിക്ക് ഒരു പോയിന്റ് മാത്രം പിറകിൽ എത്തിച്ചു. 34 മത്സരങ്ങളിൽ നിന്ന് യുണൈറ്റഡിന് 58 പോയന്റും ലെസ്റ്റർ സിറ്റിക്ക് 59 പോയന്റുമാണ് ഉള്ളത്. മൂന്നാം സ്ഥാനത്തുള്ള ചെൽസിക്ക് 60 പോയന്റാണ്‌.പരാജയം ആസ്റ്റൺ വില്ലയെ റിലഗേഷൻ സോണിൽ തന്നെ നിർത്തും.

Previous articleസമനിലയുമായി രക്ഷപ്പെട്ട് സ്പർസ്!!
Next articleവിജയ മാർജിനിൽ പ്രീമിയർ ലീഗ് ചരിത്രം കുറിച്ച് ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ്!!