മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം ഉറപ്പിച്ചു. ഇന്ന് എവേ മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ടു ഗോളിനാണ് വിജയിച്ചത്. അവസാന നിമിഷങ്ങളിൽ ഷെഫീൽഡ് സമനില നേടിയെങ്കിലും പതറാതെ പൊരുതി സിറ്റി വിജയം ഉറപ്പിക്കുകയായിരുന്നു.
ഇന്ന് പെപ് ഗ്വാർഡിയോള ടച്ച് ലൈനിൽ ഇല്ലാത്തത് കൊണ്ട് തന്നെ മാഞ്ചസ്റ്റർ സിറ്റിക്ക് പതിവ് താളം കണ്ടെത്താൻ ആയില്ല. ആദ്യ ഗോൾ കണ്ടെത്താൻ അവർ ഏറെ പ്രയാസപ്പെട്ടു. 37ആം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു പെനാൾട്ടി ലഭിച്ചു എങ്കിലും ഹാളണ്ടിന് ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ആദ്യ പകുതി ഗോളില്ലാതെ അവസാനിച്ചു.
രണ്ടാം പകുതിയിൽ ആ മിസ്സിന് ഹാളണ്ട് പ്രായശ്ചിത്തം ചെയ്തു. 63ആം മിനുട്ടിൽ ഗോൾ കണ്ടെത്തി. മാഞ്ചസ്റ്റർ സിറ്റി 1-0. ഹാളണ്ടിന്റെ ലീഗിൽ ഈ സീസണിലെ മൂന്നാം ഗോളായിരുന്നു ഇത്.
85ആം മിനുട്ടിൽ വാൽക്കറിന്റെ ഒരു അബദ്ധം മുതലെടുത്ത് അറ്റാക്ക് ചെയ്ത ഷെഫീൽഡ് യുണൈറ്റഡ് ജെയ്ദൻ ബോഗ്ലെയുടെ സമനില ഗോൾ നേടി. സ്കോർ 1-1. ഇത് കളി ആവേശത്തിൽ എത്തിച്ചു. സിറ്റി പൂർണ്ണമായും ആക്രമണത്തിലേക്ക് തിരിഞ്ഞു. മൂന്നു മിനുട്ടുകൾ മാത്രമെ സമനില നീണ്ടു നിന്നുള്ളൂ. 88ആം മിനുട്ടിൽ റോഡ്രിയുടെ തമ്പിംഗ് ഫിനിഷ് സിറ്റിക്ക് ലീഡ് തിരികെ നൽകി. ചാമ്പ്യന്മാർ ചാമ്പ്യന്മാരുടെ ഗുണം കാണിച്ച നിമിഷം.
ഇതിനു ശേഷം ഷെഫീൽഡ് സമനില കണ്ടെത്താൻ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. 3 മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി സിറ്റി ലീഗിൽ ഒന്നാമത് എത്തി. ഷെഫീൽഡ് കളിച്ച മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടു.