ലിവർപൂളിന് കാത്തിരിപ്പ് തുടരാം, പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കി മാഞ്ചസ്റ്ററിന്റെ നീലപ്പട

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കണ്ട ഏറ്റവും രസകരമായ കിരീട പോരാട്ടം അവസാനിച്ചു. ഇന്ന് അതിന്റെ അവസാന ദിവസത്തിലെ നാടകീയതയും മറികടന്ന് മാഞ്ചസ്റ്റർ സിറ്റി ലീഗ് കിരീടം സ്വന്തമാക്കി. ഇന്ന് അവസാന റൗണ്ട് മത്സരങ്ങൾ തുടങ്ങുമ്പോൾ 95 പോയന്റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാമതും, 94 പോയന്റുമായി ലിവർപൂൾ രണ്ടാമതും ആയിരുന്നു. മാഞ്ചസ്റ്റർ സിറ്റി എവേ മത്സരത്തിൽ ബ്രൈറ്റണെയും, ലിവർപൂൾ ഹോം മത്സരത്തിൽ വോൾവ്സിനെയും നേരിടാൻ ഇറങ്ങി. 27 മിനുട്ട് കഴിഞ്ഞപ്പോൾ മാഞ്ചസ്റ്റർ സിറ്റി ബ്രൈറ്റണ് മുന്നിൽ ഒരു ഗോളിന് പിറകിലും ലിവർപൂൾ വോൾവ്സിനെതിരെ ഒരു ഗോളിന് മുന്നിലും.

ലിവർപൂൾ ആരാധകർ കിരീടം തങ്ങളിലേക്ക് വരുകയാണെന്ന് കരുതിയ നിമിഷങ്ങൾ. എന്നാൽ ആ പ്രതിസന്ധിയും മറികടക്കാൻ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിക്കായി. 27ആം മിനുട്ടിലെ മുറേയുടെ ഗോളിൽ ആയിരുന്നു ബ്രൈറ്റൺ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ ലീഡ് എടുത്തത്. പക്ഷെ ആദ്യ പകുതിയിൽ തന്നെ തിരിച്ചടിച്ച് മുന്നിൽ എത്താൻ സിറ്റിക്കായി.

28ആം മിനുട്ടിൽ അഗ്വേറോയുടെ ഗോളിൽ സിറ്റി 1-1 എന്ന നിലയിലേക്ക് വന്നു. 38ആം മിനുട്ടിൽ മെഹ്റസ് എടുത്ത കോർണറിൽ നിന്ന് ലാപോർടെയുടെ ഹെഡർ മാഞ്ചസ്റ്റർ സിറ്റിയെ 2-1ന്റെ ലീഡിലും എത്തിച്ചു. അതോടെ മാഞ്ചസ്റ്റർ സിറ്റി ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. രണ്ടാം പകുതി മെഹറസിന്റെ ഒരു ഗംഭീര സ്ട്രൈക്കിലൂടെ മൂന്നാം ഗോളും നേടിയ സിറ്റി കിരീടം തങ്ങളുടേതാണ് എന്ന് ഉറപ്പിച്ചു. കളിയുടെ 73ആം മിനുട്ടിൽ ഗുണ്ടഗാന്റെ തകർപ്പൻ ഫ്രീകിക്കോടെ നാലാം ഗോളും സിറ്റി നേടി.

മറുവശത്ത് ലിവർപൂൾ വോൾവ്സിനെ തോൽപ്പിച്ചു എങ്കിലും രണ്ടാം സ്ഥാനം കൊണ്ട് ലിവർപൂളിന് തൃപ്തിപ്പെടേണ്ടി വന്നു. എതിരില്ലാത്ത 2 ഗോളിനായിരുന്നു ലിവർപൂളിന്റെ വിജയം. മാനെ ആണ് ലിവപൂളിനായി 2 ഗോളും നേടിയത്.

തുടർച്ചയായ 14ആം വിജയത്തോടെ ആണ് മാഞ്ചസ്റ്റർ സിറ്റി ഈ പ്രീമിയർ ലീഗ് കിരീടം ഉറപ്പാക്കിയത്. ഒരു ഘട്ടത്തിൽ ലിവർപൂളിനേക്കാൾ 7 പോയിന്റ് പിറകിലായിരുന്നു മാഞ്ചസ്റ്റർ സിറ്റി. അവിടെ നിന്നായിരുന്നു പെപും സംഘവും ഈ കിരീട നേട്ടത്തിൽ എത്തിയത്. ലീഗ് പൂർത്തിയായപ്പോൾ 38 മത്സരങ്ങളിൽ നിന്ന് 98 പോയന്റുമായാണ് ലീഗിൽ സിറ്റി ഒന്നാമത് ഫിനിഷ് ചെയ്തത്. 97 പോയന്റുമായാണ് ലിവർപൂൾ ലീഗിൽ രണ്ടാമത് ഫിനിഷ് ചെയ്തത്. ലിവർപൂളിന്റെ ആദ്യ പ്രീമിയർ ലീഗ് കിരീടം എന്ന സ്വപ്നം ഇതോടെ ഇനിയും നീളും എന്ന് ഉറപ്പായി.

തുടർച്ചയായ രണ്ടാം പ്രീമിയർ ലീഗ് കിരീടമാണ് മാഞ്ചസ്റ്റർ സിറ്റി ഇന്ന് സ്വന്തമാക്കിയത്. സർ അലക്സ് ഫെർഗൂസണ് ശേഷം ആദ്യമായി കിരീടം നിലനിർത്തുന്നു എന്ന നേട്ടത്തിൽ പെപ് ഗ്വാർഡിയോള ഇതോടെ എത്തി. മാഞ്ചസ്റ്റർ സിറ്റിയുടെ ആറാം ലീഗ് കിരീടമാണിത്‌.

Advertisement