ഗോളടി തുടർന്ന് ഫോഡൻ, മാഞ്ചസ്റ്റർ സിറ്റി വീണ്ടും ആഴ്സണലിന് തൊട്ടു പിറകിൽ

Newsroom

മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ മറ്റൊരു വിജയവുമായി കിരീട പോരാട്ടത്തിൽ ആഴ്സണലിനു മേൽ സമ്മർദ്ദം ഉയർത്തി. ഇന്ന് ശക്തരായ ന്യൂകാസിൽ യുണൈറ്റഡിനെ ആണ് ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റി മറികടന്നത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു സിറ്റിയുടെ വിജയം. പേരുകേട്ട ന്യൂകാസിൽ ഡിഫൻസിനും സിറ്റി അറ്റാക്കിനെ ഇന്ന് തടയാൻ ആയില്ല.

Picsart 23 03 04 19 49 20 651

മത്സരത്തിന്റെ 15ആം മിനുട്ടിൽ റോഡ്രിയിൽ നിന്ന് പന്ത് സ്വീകരിച്ച ഫോഡം എതിർ താരങ്ങളെ ഡ്രിബിൾ ചെയ്ത് അകറ്റിയാണ് മനോഹരമായ ഗോൾ സ്കോർ ചെയ്തത്. യുവതാരം തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ഗോൾ നേടുന്നത്. ആദ്യ പകുതിയിൽ ഒരു ഹെഡറിലൂടെ ഹാളണ്ട് ലീഡ് ഉയർത്തുന്നതിന് അടുത്ത് എത്തുകയും ചെയ്തു.

രണ്ടാം പകുതിയിൽ 67ആം മിനുട്ടിൽ ബെർണാഡ് സിൽവയിലൂടെ സിറ്റി ലീഡ് ഇരട്ടിയാക്കുകയും വിജയം ഉറപ്പിക്കുകയും ചെയ്തു. ഈ വിജയത്തോടെ സിറ്റി 26 മത്സരങ്ങളിൽ നിന്ന് 58 പോയിന്റിൽ എത്തി. ഒന്നാമതുള്ള ആഴ്സണലിന് 25 മത്സരങ്ങളിൽ നിന്ന് 60 പോയിന്റാണ് ഉള്ളത്. ന്യൂകാസിൽ യുണൈറ്റഡ് 24 മത്സരങ്ങളിൽ നിന്ന് 41 പോയിന്റുമായി അഞ്ചാമതാണ് ഉള്ളത്.