പ്രീമിയർ ലീഗ് കിരീടം നേടണമെങ്കിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു അഗ്നിപരീക്ഷ കടക്കേണ്ടതുണ്ട്. ലീഗിൽ ലെസ്റ്റർ സിറ്റിയെ ആണ് ഇന്ന് മാഞ്ചസ്റ്റർ സിറ്റി നേരിടേണ്ടത്. രണ്ടു മത്സരങ്ങൾ മാത്രം ശേഷിക്കേ ലിവർപൂളിന് രണ്ട് പോയിന്റ് പിറകിലാണ് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റി ഉള്ളത്. ഇന്ന് വിജയിച്ച് ലീഗിന്റെ തലപ്പത്തേക്ക് തിരിച്ച് എത്താനാകും സിറ്റിയുടെ ശ്രമം. ഇന്ന് വിജയിച്ചില്ല എങ്കിൽ പ്രീമിയർ ലീഗ് കിരീടം സിറ്റിയുടെ കൈവിട്ട് പോകും.
മികച്ച ഫോമിലുള്ള ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തുക പെപ് ഗ്വാർഡിയോളയ്ക്ക് ഒട്ടും എളുപ്പമാകില്ല. ബ്രണ്ടൺ റോഡ്ജസ് പരിശീലകനായി എത്തിയതു മുതൽ ഗംഭീര ഫോമിലാണ് ലെസ്റ്റർ സിറ്റി കളിക്കുന്നത്. മുൻ ലിവർപൂൾ പരിശീലകനായ റോഡ്ജസ് ലിവർപൂളിനെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ലിവർപൂളിന്റെ ആരാധകർ. ഇന്ന് രാത്രി 12.15നാണ് മത്സരം. സിറ്റിയുടടെ ഹോമ്മ് ഗ്രൗണ്ടിലാണ് മത്സരം നടക്കുക.
പ്രീമിയർ ലീഗിൽ ഇതുവരെ കാണാത്ത അത്ര മികച്ച കിരീട പോരാട്ടമാണ് ഈ സീസണിൽ നടക്കുന്നത്. 37 മത്സരങ്ങളിൽ നിന്ന് 94 പോയന്റുമായി ലിവർപൂൾ ഒന്നാമതും 36 മത്സരങ്ങളിൽ നിന്ന് 92 പോയന്റുമായി സിറ്റി രണ്ടാമതും നിൽക്കുകയാണ്.