ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ബ്രൈറ്റണെ തോല്പ്പിച്ച് ലീഗിൽ ഒന്നാം സ്ഥാനത്ത്. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന നല്ല പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു സിറ്റിയുടെ വിജയം. ആദ്യ പകുതിയിൽ ഹാളണ്ടും ഹൂലിയൻ ആല്വാരസും ആണ് സിറ്റിയുടെ ഗോളുകൾ നേടിയത്.
ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആധിപത്യം ആണ് തുടക്കത്തിൽ കണ്ടത്. ആദ്യ 19 മിനുട്ടിൽ തന്നെ സിറ്റി രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തി. ഏഴാം മിനുട്ടിൽ ഹൂലിയൻ ആൽവാരസിന്റെ ഗോളിൽ ആയിരുന്നു സിറ്റി ലീഡ് എടുത്തത്. ഡുകുവിന്റെ മികച്ച അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ.
19ആം മിനുട്ടിൽ എർലിങ് ഹാളണ്ട് സിറ്റിയുടെ ലീഡ് ഇരട്ടിയാക്കി. ഹാളണ്ടിന്റെ ഇടം കാലിൽ പിറന്ന മികച്ച ഷോട്ടിലൂടെ ആയിരുന്നു രണ്ടാം ഗോൾ വന്നത്. ആദ്യ പകുതിയിൽ ഉടനീളം സിറ്റി ലീഡും ആധിപത്യവും തുടർന്നു. സ്കോർ 2-0.
രണ്ടാം പകുതിയിൽ മികച്ച ഒരു ബ്രൈറ്റണെ ആണ് കാണാൻ ആയത്. അവർ നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. മിറ്റോമക്ക് രണ്ട് നല്ല അവസരങ്ങൾ ലഭിച്ചെങ്കിലും രണ്ടും ലക്ഷ്യത്തിൽ എത്തിയില്ല. സബ്ബായി എത്തിയ അൻസു ഫതി 71ആം മിനുട്ടിൽ ഒരു ഗോൾ നേടി ബ്രൈറ്റണ് പ്രതീക്ഷ നൽകി. സ്കോർ 2-1. പക്ഷെ പരാജയം ഒഴിവാക്കാൻ അവർക്ക് ആയില്ല.
ഈ വിജയത്തോടെ സിറ്റി 9 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ലീഗിൽ ഒന്നാമത് എത്തി. ബ്രൈറ്റൺ 16 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.