ഡി ഹിയയുടെ കാക്കത്തൊള്ളായിരം സേവുകളും യുണൈറ്റഡിനെ രക്ഷിച്ചില്ല, മാഞ്ചസ്റ്റർ ഡാർബി സിറ്റി കൊണ്ട് പോയി!!

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരിക്കൽ കൂടെ ഓൾഡ്ട്രാഫോർഡിൽ വമ്പൻ പരാജയം. കഴിഞ്ഞ ആഴ്ച ലിവർപൂൾ ആണ് യുണൈറ്റഡിനെ ഓൾഡ്ട്രാഫോർഡിൽ നാണം കെടുത്തിയത് എങ്കിൽ ഇന്ന് അയല്പക്കക്കാരും ചിരവൈരികളുമായ മാഞ്ചസ്റ്റർ സിറ്റിയാണ് യുണൈറ്റഡിനെ നാണം കെടുത്തിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പെപ് ഗ്വാർഡിയോളയുടെ ടീമിന്റെ വിജയം. ഡിഹിയയുടെ എണ്ണമറ്റ സേവുകൾ ഇല്ലായിരുന്നു എങ്കിൽ നാണംകെട്ട മറ്റൊരു പരാജയമായി ഈ മത്സരം മാറിയേനെ.

ഇന്ന് വീണ്ടും ബാക്ക് 5 എന്ന ടാക്ടിക്സും വിശ്വസിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ്ട്രാഫോർഡിൽ ഇറങ്ങിയത്. പക്ഷെ യുണൈറ്റഡിനെ ഇന്ന് ആ ടാക്ടിക്സ് രക്ഷിച്ചില്ല. ഏഴാം മിനുട്ടിൽ തന്നെ സന്ദർശകരായ സിറ്റി ഗോൾ നേടി. കാൻസെലോയുടെ അസിസിറ്റിൽ നിന്ന് യുണൈറ്റഡ് ഡിഫൻഡർ എറിക് ബയി ആണ് സ്വന്തം വലയിലേക്ക് പന്ത് എത്തിച്ചത്. കഴിഞ്ഞ യുണൈറ്റഡ് മത്സരത്തിലെ ഹീറോ ആയ ബയി വില്ലനാകാൻ അധികം സമയമെടുത്തില്ല.

ഈ ഗോളിന് മറുപടി നൽകാൻ 26ആം മിനുട്ടിൽ റൊണാൾഡോക്ക് ഒരു അവസരം ലഭിച്ചു. ലൂക് ഷോയുടെ ക്രോസിൽ നിന്ന് റൊണാൾഡോയുടെ ഇടംകാലൻ വോളി എഡേഴ്സൺ സമർത്ഥമായി തടഞ്ഞു. ഈ സേവിന് ശേഷം പിന്നെ ഡി ഹിയയുടെ സേവുകളുടെ വരവായിരുന്നു. 28ആം മിനുട്ടിൽ ജീസുസിന്റെ ഗോളെന്ന് ഉറപ്പിച്ച ഷോട്ട് സേവ് ചെയ്ത് കൊണ്ട് തുടങ്ങിയ ഡി ഹിയ അടുത്ത ആറു മിനുട്ടിനിടയിൽ അഞ്ച് ലോകോത്തര സേവുകളാണ് നടത്തിയത്. ഡി വ്രുയിനും കാൻസെലോയും എന്തിന് യുണൈറ്റഡ് താരം ലിൻഡെലോഫ് വരെയും യുണൈറ്റഡ് വലയിലേക്ക് ബോൾ എത്തിക്കാൻ ശ്രമിച്ചു. എല്ലാം ഡി ഹിയ തടഞ്ഞു.

ആദ്യ പകുതിയുടെ അവസാനം ഏഇ ഹിയക്കും പിഴച്ചു. കാൻസെലോ നൽകിയ ക്രോസ് മഗ്വയറും ലൂക് ഷോയും നോക്കിനിന്നപ്പോൾ ഫാർ പോസ്റ്റിൽ നിന്ന ബെർണാഡോ സിൽവ വലയിലേക്ക് തട്ടിയിട്ടു. സേവ് ചെയ്യാമായിരുന്ന ഷോട്ട് ഡി ഹിയക്ക് സേവ് ചെയ്യാൻ ആയില്ല. സ്കോർ ആദ്യ പകുതി അവസാനിക്കുമ്പോൾ 2-0.

രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഡൻ സാഞ്ചോയെയും റാഷ്ഫോർഡിനെയും രംഗത്ത് ഇറക്കി. രണ്ടാം പകുതിയിൽ യുണൈറ്റഡ് മെച്ചപ്പെട്ട രീതിയിൽ പന്ത് നിയന്ത്രിച്ചു എങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ യുണൈറ്റഡിനായില്ല. രണ്ടാം പകുതിയിൽ ഒരു ഷോട്ട് പോലും യുണൈറ്റഡിന് ടാർഗറ്റിലേക്ക് തൊടുക്കാൻ ആയില്ല. സിറ്റി അധികം ഗോൾ നേടാൻ ശ്രമിക്കാത്തത് കൊണ്ടും മാന്യമായ പരാജയമായി കണക്കിൽ എങ്കിലും കളി അവസാനിച്ചു.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 23 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. 11 മത്സരങ്ങളിൽ നിന്ന് 17 പോയിന്റ് മാത്രമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. ഈ മാച്ച് വീക് കഴിയുമ്പോഴേക്ക് യുണൈറ്റഡ് ഇതിനേക്കാൾ പിറകിലാകും. ഈ പരാജയം കഴിഞ്ഞും യുണൈറ്റഡ് മാനേജ്മെന്റ് ഒലെയെ വിശ്വസിക്കുമോ എന്നതാണ് ഇനി ഏവരും കാത്തിരിക്കുന്ന കാര്യം.