ഗോളടിച്ച് ഗോളടിച്ച് സിറ്റിക്ക് മടുത്തു, എട്ടു ഗോൾ ജയവുമായി ചാമ്പ്യന്മാർ

- Advertisement -

ഇംഗ്ലീഷ് ചാമ്പ്യന്മാർ ഈ സീസണിൽ നിറം മങ്ങിയിരിക്കുകയാണ് എന്നൊക്കെ വിമർശിച്ചവർക്കുള്ള ചുട്ട മറുപടി ആയിരുന്നു ഇന്ന് മാഞ്ചസ്റ്ററിൽ കണ്ടത്. വാറ്റ്ഫോർഡിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഇന്ന് ഗോളടിച്ച് ഗോളടിച്ചു മടുത്തു എന്ന് തന്നെ പറയാം. എട്ടു ഗോളുകളാണ് വാറ്റ്ഫോർഡിന്റെ വലയിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി അടിച്ചു കയറ്റിയത്. എതിരില്ലാത്ത എട്ടു ഗോളുകളുടെ വിജയം. ബെർണാഡോ സിൽവയുടെ ആദ്യ പ്രീമിയർ ലീഗ് ഹാട്രിക്ക് വിജയത്തിൽ പ്രധാന പങ്കുവഹിച്ചു.

കളി ആരംഭിച്ച് ആദ്യ പതിനെട്ടു മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി വാറ്റ്ഫോർഡിന്റെ വല നിറച്ചിരുന്നു. ആദ്യ 18 മിനുട്ടിൽ പിറന്നത് അഞ്ചു ഗോളുകളാണ്. ആദ്യം ഡേവിഡ് സിൽവ പിന്നാലെ അഗ്വേറോ, അതിനു തൊട്ടു പിറകിൽ റിയാദ് മെഹ്റസ്, പിന്നെ ബെർണാഡോ സിൽവ അതു കഴിഞ്ഞ് ഒട്ടമെൻഡി… അങ്ങനെ കണ്ണടച്ചു തുറക്കും മുമ്പ് അഞ്ചു ഗോളുകൾ. സിറ്റി രണ്ടക്കത്തിലേക്ക് എത്തുമെന്ന് തന്നെ തോന്നിപ്പിച്ചു.

പക്ഷെ പിന്നെ ആദ്യ പകുതിയിൽ ഗോൾ വന്നില്ല. രണ്ടാം പകുതിയിൽ ബെർണാഡോ സിൽവ വീണ്ടും സിറ്റി ഗോളടി തുടങ്ങി. അറുപതാം മിനുട്ടിൽ ബെർണാഡോ സിൽവ ഹാട്രിക്ക് പൂർത്തിയാക്കി. കളിയുടെ 85ആം മിനുട്ടിൽ ഡി ബ്രുയിനിലൂടെ സിറ്റി എട്ടാം ഗോളും നേടി. ആറു മത്സരങ്ങളിൽ 13 പോയന്റുമായി ലീഗിൽ രണ്ടാമത് സിറ്റി ഇപ്പോൾ.

Advertisement