ഇന്ന് നടന്ന പ്രീമിയർ ലീഗിൽ ബോൺമൗത്തിനെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 4-1ന്റെ അനായാസ ജയം സ്വന്തമാക്കി. തുടക്കം മുതൽ ഒടുക്കം വരെ ആധിപത്യം പുലർത്തിയ നിലവിലെ ചാമ്പ്യൻമാർ 15-ാം മിനിറ്റിൽ ജൂലിയൻ അൽവാരസിലൂടെ ആദ്യ ഗോൾ കണ്ടെത്തി. ഫോഡന്റെ അസിസ്റ്റിൽ നിന്ന് എർലിംഗ് ഹാലൻഡ് നേടിയ ഒരു ഗോളിന് 29-ാം മിനിറ്റിൽ സിറ്റി അവരുടെ ലീഡ് ഇരട്ടിയാക്കി. ഹാളണ്ടിന്റെ സീസണിലെ 27ആം ഗോളായിരുന്നു ഇത്.
ഹാഫ് ടൈമിന് തൊട്ടുമുമ്പ് ഫിൽ ഫോഡൻ സിറ്റിക്കായി മൂന്നാമതൊരു ഗോൾ കൂടെ കൂട്ടിച്ചേർത്തു. രണ്ടാം പകുതിയിൽ ബോൺമൗത്തിന് ഒരു മല തന്നെ തിരിച്ചു കയറേണ്ട അവസ്ഥ ആയിരുന്നു. 51-ാം മിനിറ്റിൽ ഒരു സെൽഫ് ഗോൾ മത്സരത്തിലെ സിറ്റിയുടെ നാലാം ഗോൾ ആയതോടെ കളി സിറ്റി സ്വന്തമാക്കി. അവസാനം ഒരു ഗോൾ ബൗണ്മത് മടക്കി എങ്കിലും അത് ആശ്വാസ ഗോളായി മാത്രം മാറി.
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഇപ്പോഴും രണ്ടാം സ്ഥാനത്ത് തുടരുകയാണ്. മുൻനിരയിലുള്ള ആഴ്സണലിന് രണ്ട് പോയിന്റ് മാത്രം പിറകിലാണ് സിറ്റി ഉള്ളത്. മറുവശത്ത്, ബോൺമൗത്ത് 21 പോയിന്റുമായി 19-ാം സ്ഥാനത്ത് തുടരന്നു.