പരിക്കേറ്റും വീഴാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂളിന് കിരീട പോരിൽ തിരിച്ചടി

specialdesk

Download the Fanport app now!
Appstore Badge
Google Play Badge 1

വാശിയേറിയ മാഞ്ചസ്റ്റർ യുണൈറ്റഡ് – ലിവർപൂൾ പോരാട്ടം സമനിലയിൽ. ഓൾഡ് ട്രാഫോഡിൽ നടന്ന പോരാട്ടത്തിൽ ഇരു ടീമുകളും ഗോളുകൾ ഒന്നും നേടാതെ പിരിയുകയായിരുന്നു. ആദ്യ പകുതിയിൽ തന്നെ മൂന്നു സബ്സ്റ്റിറ്റ്യുറ്റുകളും നടത്തേണ്ടി വന്നതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായത്. സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ലിവർപൂൾ ഒരു പോയിന്റ് ലീഡോടെ ലീഗ് പട്ടികയിൽ ഒന്നാമതെത്തി.

ആദ്യ പകുതിയിൽ തന്നെ മൂന്നു സബ്സ്റ്റിറ്റ്യുട്ടുകളും നടത്തേണ്ടി വന്നിരുന്നു ഒലേക്ക്. ആദ്യം ഹെരേര, തുടർന്ന് മാറ്റ, മാറ്റക്ക് പകരം വന്ന ലിംഗാർഡ് എന്നിവരെ ആദ്യ നാൽപ്പത് മിനിറ്റിൽ തന്നെ സബ് ചെയ്യേണ്ടി വന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്. ഇതിനിടയിൽ ലുകാകുവിന്റെ പാസിൽ ലഭിച്ച മികച്ച ഒരു അവസരം ലിംഗാർഡ് നഷ്ടപ്പെടുത്തി. കാര്യമായ അവസരങ്ങൾ ഒന്നും ഇരു ടീമുകളും ഉണ്ടാക്കാതെയാണ് ആദ്യ പകുതി അവസാനിച്ചത്. ആദ്യ പകുതിയിൽ തന്നെ ഫിർമിനോക്ക് പകരം സ്റ്ററിഡ്ജിനേയും ഇറക്കിയതോടെ ആദ്യ പകുതിയിൽ തന്നെ നാല് സബ് ആയിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ കൗണ്ടർ അറ്റാക്കിങ്ങിലൂടെയും സെറ്റ് പീസുകളിലൂടെയും അവസരങ്ങൾ ഉണ്ടാക്കി യുണൈറ്റഡ് മുന്നിട്ടു നിന്നു. സെറ്റ് പീസിൽ നിന്ന് തന്നെ സ്മാളിങ്ങിന്റെ ഒരു ഷോട്ട് വലയിൽ കയറി എങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചതിനാൽ ഗോൾ നിഷേധിക്കപ്പെട്ടു. ലിവർപൂളിന്റെ വിഖ്യാതമായ അക്രമണനിരക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിയാതെ ആണ് മത്സരം അവസാനിച്ചത്. ആകെ ഒരു ഷോട്ട് ഓൺ ടാർഗറ്റ് മാത്രമാണ് ലിവർപൂൾ നേടിയത്. കാര്യമായി ഒന്നും ചെയ്യാതിരുന്ന സലായെ സബ് ചെയ്‌തെങ്കിലും വിജയ ഗോൾ നേടാൻ ലിവർപൂളിന് കഴിഞ്ഞില്ല. യുണൈറ്റഡിന് എതിരെ നാല് മത്സരങ്ങൾ കളിച്ചിട്ടും സല ക്ക് ഇതുവരെ ഒരു ഗോൾ നേടാൻ കഴിഞ്ഞിട്ടില്ല.