മാഞ്ചസ്റ്റർ അവസാനം ചുവന്നു. മാഞ്ചസ്റ്റർ ഡാർബിയിൽ യുണൈറ്റഡ് ഒരു ക്ലാസിക് തിരിച്ചുവരവിലൂടെ യുണൈറ്റഡ് വിജയം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം.
ഇന്ന് ആദ്യ പകുതിയിൽ പന്ത് കയ്യിൽ വെച്ചു എങ്കിലും മാഞ്ചസ്റ്റർ സിറ്റിക്ക് താളം കണ്ടെത്താൻ ആയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് മികച്ച നീക്കങ്ങൾ നടത്തിയത്. ആദ്യ പകുതിയിലെ രണ്ട് നല്ല അവസരങ്ങളും സൃഷ്ടിച്ചത്. രണ്ട് നല്ല അവസരങ്ങളും ലഭിച്ചത് റാഷ്ഫോർഡിന് ആയിരുന്നു. ആദ്യ അവസരത്തിൽ റാഷ്ഫോർഡ് എഡേഴ്സണെ മറികടന്നു എങ്കിലും ഗോൾ ലൈനിൽ വെച്ച് റാാഹ്ഫോർഡിനെ അകാഞ്ചിയുടെ ബ്ലോക്ക് തടഞ്ഞു. രണ്ടാം അവസരത്തിൽ റാഷ്ഫോർഡിന്റെ ഷോട്ട് എഡേഴ്സൺ തടയുകയും ചെയ്തു.
രണ്ടാം പകുതിയിൽ യുണൈറ്റഡ് മാർഷ്യലിനു പകരം ആന്റണിയെ കളത്തിൽ ഇറക്കി. രണ്ടാം പകുതിയിൽ സിറ്റിയുടെ പ്രകടനം മെച്ചപ്പെട്ടു. അവർ നിരന്തരം യുണൈറ്റഡ് ഡിഫൻസിനെ സമ്മർദ്ദത്തിൽ ആക്കി. സബ്ബായി എത്തിയ ഗ്രീലിഷ് 61ആം മിനുട്ടിൽ സിറ്റിക്ക് ലീഡ് നൽകി. വലതു വിങ്ങിലൂടെ വന്ന ഡി ബ്രുയിനെ പെനാൾട്ടി ബോക്സിൽ എത്തി നൽകിയ ക്രോസ് ഗ്രീലിഷ് ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു . ഈ ഗോളിന് ശേഷം യുണൈറ്റഡ് ഉണർന്നു കളിച്ചു.
81ആം മിനുട്ടിൽ ഒരു വിവാദ ഗോളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടിച്ചു. കസമിറോയുടെ പാസിൽ റാഷ്ഫോർഡ് ഓഫ് ആയിരുന്നു എങ്കിലും അദ്ദേഹം പന്ത് കളിക്കാതെ അവസാന ഘട്ടത്തിൽ പിന്മാറി. ബ്രൂണോ അടിച്ച് പന്ത് വലയിലും എത്തിച്ചു. ആദ്യം ഓഫ്സൈഡ് വിളിച്ചു എങ്കിലും അവസാനം ഗോൾ എന്ന് വിളിച്ചു. സ്കോർ 1-1.
ഈ ഗോൾ പിറന്ന് മിനിട്ടുകൾക്ക് അകം മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡും എടുത്തു. മാർക്കസ് റാഷ്ഫോർഡ് ആണ് യുണൈറ്റഡിന് ലീഡ് നൽകിയത്. വലതുവിങ്ങിൽ നിന്ന് ഗർനാചോ നൽകിയ പാസിൽ നിന്നായിരുന്നു റാഷ്ഫോർഡിന്റെ ഫിനിഷ്. സ്കോർ 2-1
ഈ വിജയത്തോടെ സിറ്റിക്ക് ഒരു പോയിന്റ് മാത്രം പിറകിലായി മാഞ്ചസ്റ്റർ യുണൈറ്റഡ്. 18 മത്സരങ്ങളിൽ നിന്ന് സിറ്റിക്ക് 39 പോയിന്റും മാഞ്ചസ്റ്റർ യുണൈറ്റഡിന് 38 പോയിന്റും ആണുള്ളത്.