ഒഡീഷയെ വീഴ്ത്തി ബെംഗളൂരു എഫ്സി

Picsart 23 01 14 20 34 11 489

ഒഡീഷ എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് കൊണ്ട് ഐഎസ്എല്ലിൽ ബെംഗളൂരു എഫ്സിക്ക് തകർപ്പൻ ജയം. രോഹിത് കുമാറും റോയ് കൃഷ്ണയും പാബ്ലോ പെരെസും ബെംഗളൂരുവിനായി വല കുലുക്കിയപ്പോൾ ഡീഗോ മൗറിസിയോ ആണ് ഒഡീഷയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്. ഇതോടെ ഒഡീഷ അഞ്ചാം സ്ഥാനത്ത് തുടരുകയാണ്. ബെംഗളൂരു എട്ടാമതാണ്.

20230114 203116

ഒഡീഷ ആയിരുന്നു ആദ്യ മിനിറ്റുകളിൽ മുന്നേറ്റങ്ങൾ നടത്തിയത്. കൗണ്ടറിന് വേണ്ടി തക്കംപാർത്ത് ഇരിക്കുകയായിരുന്നു ബെംഗളൂരു. ഏഴാം മിനിറ്റിൽ തന്നെ ഹെഡറിലൂടെ ഒഡീഷക്ക് ലീഡ് നൽകാനുള്ള ഡെൽഗാഡോയുടെ ശ്രമം അകന്ന് പോയി. ഇരുപത്തിയഞ്ചാം മിനിറ്റിൽ ബെംഗളൂരുവിന്റെ ഗോൾ എത്തി. ഒഡീഷയുടെ തുടർച്ചയായ മുന്നേറ്റങ്ങൾക്കിടെ ഹാവിയർ ഹെർണാണ്ടസിന്റെ കോർണറിലൂടെ എത്തിയ ബോൾ ആണ് ഗോളിന് വഴിവെച്ചത്. ഒഡീഷ പ്രതിരോധം ക്ലിയർ ചെയ്ത ബോൾ ഹെർണാണ്ടസ് വീണ്ടും ബോക്സിലേക്ക് നൽകി. പന്ത് പിടിച്ചെടുത്ത് അലൻ കോസ്റ്റ മറിച്ച് നൽകിയ പാസിൽ രോഹിത് കുമാർ ഒട്ടും പിഴക്കാതെ ലക്ഷ്യം കണ്ടു. ആദ്യ ഗോളിന്റെ അങ്കലാപ്പ് കഴിയും മുൻപ് മൂന്ന് മിനിറ്റിനു ശേഷം വീണ്ടും ഒഡീഷയുടെ പോസ്റ്റിൽ ഗോൾ എത്തി. കൗണ്ടറിലൂടെ എത്തിയ ബോൾ ഇടത് വിങ്ങിൽ ശിവ നാരായണിന് കൈമാറി ബോക്സിലേക്ക് ഓടിക്കയറി തിരിച്ചു സ്വീകരിച്ച ശേഷം റോയ് കൃഷ്ണയാണ് രണ്ടാം ഗോൾ കണ്ടെത്തിയത്. പിന്നീട് ഹാവിയർ ഹെർണാണ്ടസ് ഒരു അവസരം നഷ്ടപ്പെടുത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഒരു ഗോൾ മടക്കാൻ ഒഡീഷക്കായി. ഗുർപ്രീത് സിങ് ഡീഗോ മൗറീസിയോയെ വീഴ്ത്തിയതിനാണ് നാല്പത്തിയെട്ടാം മിനിറ്റിൽ റഫറി പെനൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയത്. കിക്ക് എടുത്ത മൗറിസിയോക്ക് പിഴച്ചില്ല. പിന്നീടും സമനില ഗോളിനായി ഒഡീഷ ശ്രമങ്ങൾ നടത്തിയെങ്കിലും അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ സാധിച്ചില്ല. ഇഞ്ചുറി ടൈമിൽ ഗോൾ കണ്ടെത്താൻ ഒഡീഷ താരങ്ങൾ ശ്രമിക്കുന്നിതിനിടെ തുറന്നിട്ട സ്പെസിലൂടെ ബെംഗളൂരു അനായാസം ഗോൾ കണ്ടെത്തുകയായിരുന്നു. പാബ്ലോ പേരെസ് ആണ് മൂന്നാം ഗോൾ നേടിയത്.