പ്രീമിയർ ലീഗിൽ ഇന്ന് ആവേശകരമായ മത്സരമാണ് നടക്കാൻ പോകുന്നത്. മാഞ്ചസ്റ്ററിലെ രണ്ട് വലിയ ക്ലബുകളും ഇന്ന് നേർക്കുനേർ വരും. മാഞ്ചസ്റ്റർ സിറ്റിയുടെ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയും ടെൻ ഹാഗിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡും നേർക്കുനേർ വരും. ഇന്ന് വൈകിട്ട് 6.30ന് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.
ഗോളടിച്ചു കൂട്ടുന്ന എർലിങ് ഹാളണ്ടിന്റെ മികവിൽ മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ അവരുടെ ഏറ്റവും മികച്ച ഫോമിൽ മുന്നേറുകയാണ്. ഹാളണ്ടിനെ തടയാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിന് ആകുമോ എന്നതാകും ഇന്നത്തെ ഏറ്റവും വലിയ ചോദ്യം. ഹാളണ്ട് ഈ സീസണിൽ ഇതുവരെ 14 ഗോളുകൾ സിറ്റിക്കായി നേടി കഴിഞ്ഞു.
വരാനെയും ലിസാൻഡ്രോ മാർട്ടിനസും അടങ്ങുന്ന യുണൈറ്റഡ് ഡിഫൻസ് നടത്തുന്ന നല്ല പ്രകടനങ്ങൾ സിറ്റിക്ക് എതിരെയും തുടരുമോ എന്ന് കണ്ടറിയണം. യുണൈറ്റഡ് ക്യാപ്റ്റൻ ഹാരി മഗ്വയർ പരിക്ക് കാരണം ഇന്ന് ഉണ്ടാകില്ല എന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്. അറ്റാക്കിംഗ് താരങ്ങളായ റാഷ്ഫോർഡും മാർഷ്യലും പരിക്ക് മാറി തിരികെ എത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ബെഞ്ചിൽ ഇരിക്കാൻ ആണ് സാധ്യത.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ ലീഗിൽ ആറാം സ്ഥാനത്തും സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്തും ആണ് ഉള്ളത്.