പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ആവേശകരമായ പോരാട്ടത്തിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് വോൾവ്സ്. സ്കോർ 1-1. ഈ കൊല്ലം പ്രീമിയർ ലീഗിലേക്ക് എത്തിയ വോൾവ്സ് മാഞ്ചസ്റ്റർ സിറ്റിക്ക് മുൻപിൽ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്. ഒരു വേള മത്സരത്തിൽ ലീഡ് ചെയ്തതിനു ശേഷമാണു വോൾവ്സ് സമനില വഴങ്ങിയത്.
ആദ്യ പകുതിയിൽ കൂടുതൽ സമയം പന്ത് കൈവശം വെച്ചത് മാഞ്ചസ്റ്റർ സിറ്റി ആയിരുന്നെങ്കിലും കിട്ടിയ അവസരങ്ങളിൽ എല്ലാം വോൾവ്സ് മാഞ്ചസ്റ്റർ സിറ്റി ഗോൾ മുഖം ആക്രമിച്ചുകൊണ്ടേയിരുന്നു. ആദ്യ പകുതിയിൽ അഗ്വേറോയുടെ ശ്രമം പോസ്റ്റിൽ കൊണ്ട് തെറിച്ചതും സ്റ്റെർലിങിന്റെ മറ്റൊരു ശ്രമം ലോകോത്തര സേവിലൂടെ വോൾവ്സ് ഗോൾ കീപ്പർ പാട്രിസിയോ രക്ഷപെടുത്തിയതും സിറ്റിക്ക് തിരിച്ചടിയായി.
തുടർന്ന് രണ്ടാം പകുതിയിലാണ് മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ചു കൊണ്ട് വോൾവ്സ് ഗോൾ നേടിയത്. വില്ലി ബോളിയാണ് ഗോൾ നേടിയത്. താരത്തിന്റെ കയ്യിൽ കൊണ്ടാണ് പന്ത് സിറ്റി വലയിലെത്തിയതെങ്കിലും റഫറിയെ അസിറ്റന്റ് റഫറിയോ കാണാത്തത് കൊണ്ട് ഗോൾ നിലകൊള്ളുകയായിരുന്നു. തൊട്ടടുത്ത മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി പെനാൽറ്റിക്കായി താരങ്ങൾ വാദിച്ചെങ്കിലും ഇത്തവണയും റഫറി സിറ്റിക്കെതിരായായിരുന്നു.
എന്നാൽ അധികം താമസിയാതെ മാഞ്ചസ്റ്റർ സിറ്റി സമനില പിടിച്ചു. ഗുൺഡോഗന്റെ ക്രോസ്സ് മികച്ചൊരു ഹെഡറിലൂടെ ലപോർട്ടെയാണ് സമനില ഗോൾ നേടിയത്. താരത്തിന്റെ സിറ്റിയിലെ ആദ്യ ഗോളായിരുന്നു. തുടർന്ന് വിജയ ഗോൾ നേടാൻ മാഞ്ചസ്റ്റർ സിറ്റി ശ്രമം തുടർന്നെങ്കിലും ഭാഗ്യം വോൾവ്സിന്റെ തുണക്കെത്തുകയായിരുന്നു. അവസാന നിമിഷം ലഭിച്ച ഫ്രീ കിക്കിൽ അഗ്വേറോയുടെ ശ്രമം ബാറിൽ തട്ടി തെറിച്ചതും സിറ്റിക്ക് വിനയായി.