ഇംഗ്ലീഷ് ഫുട്ബോളിലെ ക്ലാസിക്ക് പോരാട്ടമാണ് ഇന്ന് നടക്കാൻ പോകുന്നത്. ഓൾഡ്ട്രാഫോർഡിൽ ലിവർപൂൾ എത്തുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനും ലിവർപൂളിനും ഈ മത്സരം ക്ലബ് ചരിത്രത്തിലെ തന്നെ വലിയ മത്സരമായിരിക്കും. ലിവർപൂൾ തങ്ങളുടെ ആദ്യ പ്രീമിയർ ലീഗ് കിരീടത്തിന് തൊട്ടടുത്ത് നിൽക്കുകയാണ്. ആര് കപ്പടിച്ചാലും ലിവർപൂൾ കപ്പ് അടിക്കരുത് എന്ന് ആഗ്രഹിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് മുന്നിൽ ഉള്ളത് എന്നതു കൊണ്ട് തന്നെ ഈ മത്സരം ലിവർപൂളിന് അതിനിർണായകമാണ്.
ആൻഫീൽഡിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തെറിയാൻ ലിവർപൂളിനായിരുന്നു. ഇന്ന് വിജയിക്കാൻ കഴിഞ്ഞാൽ കിരീടം ലിവർപൂളിലേക്ക് തന്നെ പോകും എന്നതിന്റെ വലിയ സൂചനയാകും അത്. ഇംഗ്ലണ്ടിൽ 20 കിരീടങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിനും 18 കിരീടങ്ങൾ ലിവർപൂളിനുൻ ഉണ്ട്. ലിവർപൂളിനെ ഒരു വിധത്തിലും തങ്ങളുടെ കിരീട നേട്ടത്തിനടുത്ത് എത്തിക്കാതിരിക്കാൻ ആകും യുണൈറ്റഡ് ശ്രമിക്കുക.
മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ലിവർപൂളിനെ തോല്പ്പിച്ചാൽ അതാകും യുണൈറ്റഡ് ആരാധകരുടെ ഈ സീസണിലെ ഏറ്റവും വലിയ സന്തോഷം. ഒപ്പം ഒലെ ഗണ്ണാർ സോൾഷ്യാറുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എന്ന ജോലി സ്ഥിരമാകാനും ഇന്നത്തെ വിജയം സാധിച്ചേക്കും. ഇരു ടീമുകളും മികച്ച ഫോമിൽ ആണ് എന്നതു കൊണ്ട് മത്സരഫലങ്ങൾ പ്രവചിക്കുക അസാധ്യമാണ്.
മാർഷ്യാൽ ലിംഗാർഡ് എന്നിവർ പരിക്ക് മാറി തിരിച്ചെത്തുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രതീക്ഷയേകും. ഇന്ന് രാത്രി 7.35നാണ് മത്സരം നടക്കുക.