പ്രീമിയർ ലീഗിൽ ഇന്ന് ബേർൺലിയെ നേരിടാൻ ഒരുങ്ങുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയിച്ചെ തീരു. അവസാന രണ്ട് മത്സരങ്ങളിലും നാണം കെട്ട പരാജയം നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്നും അതാവർത്തിച്ചാൽ മൗറീനോയുടെ ജോലിക്ക് വരെ അത് ഭീഷണിയായേക്കും. ഇന്റർനാഷണൽ ബ്രേക്ക് ആണ് ഇന്നത്തെ മത്സരത്തിന ശേഷം എന്നതും ടീമിന് കൂടുതൽ സമ്മർദ്ദം ഏകുന്നു.
കഴിഞ്ഞ മത്സരത്തിൽ ടോട്ടൻഹാമിനോടും അതിനു മുമ്പ് ബ്രൈറ്റണോടും യുണൈറ്റഡ് ലീഗിൽ പരാജയം നേരിട്ടിരുന്നു. ഈ രണ്ട് മത്സരങ്ങളിൽ നിന്നാകട്ടെ 6 ഗോളുകളും യുണൈറ്റഡ് വഴങ്ങി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസ് തന്നെയാകും ഇന്ന് യുണൈറ്റഡിന്റെ പ്രധാന പ്രതിസന്ധി. കഴിഞ്ഞ കളിയിൽ ഇറങ്ങിയ ജോൺസിന് പരിക്കേറ്റതോടെ ഇന്ന് വീണ്ടും എറിക് ബയിയും ലിൻഡലോഫും ആദ്യ ഇലവനിൽ എത്തിയേക്കും. ബ്രൈറ്റണെതിരെ ഇരുവരുടെയും പിഴവുകളായിരുന്നു യുണൈറ്റഡിന് തോൽവി സമ്മാനിച്ചത്.
മുന്നേറ്റ നിരയിലും യുണൈറ്റഡിന് പ്രശ്നങ്ങളുണ്ട്. ലുകാകു, മാർഷ്യൽ എന്നിവരൊന്നും ഇനിയും ഫോമിൽ എത്തിയിട്ടില്ല. പോഗ്ബയാകട്ടെ സ്ഥിരതയില്ലാത്ത പ്രകടനമാണ് കാഴ്ചവെക്കുന്നതും. ബേർൺലി യുണൈറ്റഡിനേക്കാൾ മോശം ഫോമിലാണ് എന്നതു മാത്രമാണ് മൗറീനോയ്ക്കു സഘത്തിനും ആശ്വസിക്കാനായി ആകെയുള്ളത്.