പെനാൾട്ടി നഷ്ടപ്പെടുത്തിയിട്ടും, ചുവപ്പ് കാർഡ് കിട്ടിയിട്ടും യുണൈറ്റഡിന് ജയം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

നാടകീയത നിറഞ്ഞ മത്സരത്തിന് ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയവഴിയിൽ. ഇന്ന് ബേർൺലിയിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. റാഷ്ഫോർഡിന്റെ ചുവപ്പ് കാർഡും പോൾ പോഗ്ബയുടെ പെനാൾട്ടി നഷ്ടപ്പെടുത്തലും മറികടന്നാണ് യുണൈറ്റഡ് ഇന്ന് വിജയം സ്വന്തമാക്കിയത്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയം നേരിട്ട മാഞ്ചസ്റ്ററിന് ഇന്ന് ജയിച്ചേ മതിയാകുമായിരുന്നുള്ളൂ. അതിനൊത്ത തുടക്കമാണ് യുണൈറ്റഡ് നടത്തിയതും. സാഞ്ചേസ്, ലുകാകു, ലിംഗാർഡ് ത്രയങ്ങൾ ബേർൺലി ഡിഫൻസിനെ നിരന്തരം ആക്രമിച്ചു കൊണ്ടായിരുന്നു യുണൈറ്റഡ് തുടങ്ങിയത്. അടുത്ത കാലത്ത് യുണൈറ്റഡ് കളിച്ച ഏറ്റവും മികച്ച ഫുട്ബോളിന് 27ആം മിനുട്ടിൽ ഫലം ലഭിച്ചു.

സാഞ്ചേസിന്റെ ഒരു ക്രോസിൽ നിന്ന് ഹെഡർ വഴി ലുകാകുവാണ് യുണൈറ്റഡിനെ മുന്നിൽ എത്തിച്ചത്. രണ്ടാം പകുതിയിൽ ലുകാകു ഒരു അനായാസ ഫിനിഷിലൂടെ മത്സരത്തിലെ രണ്ടാം ഗോളും നേടി. അതിനു ശേഷമായിരുന്നു നാടകീയത തുടങ്ങിയത്. ആദ്യ റാഷ്ഫോർഡ് നേടിതന്ന പെനാൾട്ടി പോൾ പോഗ്ബ നഷ്ടമാക്കി. യുണൈറ്റഡിന് മൂന്ന് പോയന്റ് ഉറപ്പിക്കാവുന്ന അവസരമാണ് പോഗ്ബ കളഞ്ഞത്.

ആ പെനാൾട്ടി പിറകെ അല്പ്പസമയത്തിനകം ബേൺലി ഡിഫൻഡർ ബാർഡ്സ്ലിയുടെ തലയ്ക്ക് തലകൊണ്ട് മുട്ടിയതിന് റാഷ്ഫോർഡിന് ചുവപ്പ് കാർഡും ലഭിച്ചു. അതിനു ശേഷം ഇരുപതോളം മിനുട്ട് യുണൈറ്റഡ് 10 പേരുമായാണ് കളിച്ചത്. എങ്കിലും ബേർൺലിയെ തടയാൻ യുണൈറ്റഡിനായി.