പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മാഞ്ചസ്റ്റർ യുണൈറ്റഡ്, വോൾവ്സ് മത്സരം നിയന്ത്രിച്ച റഫറിമാർ അടുത്ത കളിയിൽ ഉണ്ടാവില്ല. മത്സരത്തിൽ വോൾവ്സിന് അനുകൂലമായി ലഭിക്കേണ്ട പെനാൽട്ടി അവർ വാർ പരിശോധനക്ക് ശേഷവും നൽകിയിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഒനാന അവസാന നിമിഷങ്ങളിൽ ചെയ്ത ഫൗൾ റഫറിമാർ കണ്ടില്ല എന്നു വെക്കുക ആയിരുന്നു. ഇതിൽ പ്രതിഷേധിച്ച വോൾവ്സ് പരിശീലകൻ ഗാരി ഒനീലിന് റഫറി മഞ്ഞ കാർഡും നൽകി.
മത്സര ശേഷമുള്ള പത്ര സമ്മേളനത്തിൽ പ്രീമിയർ ലീഗ് മുതിർന്ന റഫറി ജൊനാഥൻ മോസ് തന്നോട് ഈ തീരുമാനം തെറ്റായിരുന്നു എന്നു പറഞ്ഞത് ആയും വോൾവ്സ് പരിശീലകൻ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ആണ് റഫറിമാർക്ക് എതിരായ നടപടി. റഫറി സൈമൺ ഹൂപ്പർ, വാർ റഫറി മൈക്കിൾ സെയിൽസ്ബറി, വാർ അസിസ്റ്റന്റ് റഫറി റിച്ചാർഡ് വെസ്റ്റ് എന്നിവർക്ക് എതിരാണ് നടപടി. പുതിയ സീസണിലും വാർ ഉണ്ടായിട്ടും പ്രീമിയർ ലീഗിൽ റഫറിമാർ പിഴവ് വരുത്തുന്നതിന് കനത്ത പ്രതിഷേധം ആണ് ആരാധകരിൽ നിന്നുണ്ടാവുന്നത്.