ആരാധകർ ഇല്ലാത്ത സ്റ്റേഡിയത്തിൽ നടന്ന ആദ്യ മാഞ്ചസ്റ്റർ ഡാർബിയിൽ ആവേശവും ഇല്ല. ഇന്ന് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്ററിലെ രണ്ട് ക്ലബുകളും ഒരു ഗോൾ പോലും അടിച്ചില്ല. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ രണ്ട് ടീമുകളും ഡിഫൻസീവ് ടാക്ടിക്സുമായാണ് കളിക്കാൻ ഇറങ്ങിയത്. അതുകൊണ്ട് തന്നെ അവസരങ്ങളും വളരെ കുറച്ച് മാത്രമെ കളിയിൽ ഉണ്ടായുള്ളൂ.
ഗ്രൗണ്ടിൽ ഉണ്ടായിരുന്ന ലീഗിലെ തന്നെ രണ്ട് മികച്ച ക്രിയേറ്റീവ് താരങ്ങൾ ഇന്ന് ബന്ധിക്കപ്പെട്ട നിലയിൽ ആയിരുന്നു. ഡി ബ്രുയിനും ബ്രൂണൊ ഫെർണാണ്ടസിനും തുടക്കം മുതൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള സ്പേസ് ലഭിച്ചില്ല. മത്സരത്തിൽ നല്ല ഗോളവസരങ്ങൾ ലഭിച്ചത് സിറ്റിക്ക് ആയിരുന്നു. പക്ഷെ ഡി ഹിയയും മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസും സിറ്റി അറ്റാക്കിനൊപ്പം നിന്നു. രണ്ടാം പകുതിയിൽ ഫെറാൻ ടോറസിനെ ഇറക്കി സിറ്റിയും മാർഷ്യലിനെ ഇറക്കി യുണൈറ്റഡും അക്രമണത്തിന് മൂർച്ച കൂട്ടാൻ ശ്രമിച്ചു എങ്കിലും ഒന്നും നടന്നില്ല
ഈ സമനില മാഞ്ചസ്റ്റർ യുണൈറ്റഡിനെ 11 മത്സരങ്ങളിൽ 20 പോയിന്റുമായി ലീഗിൽ ഏഴാം സ്ഥാനത്തും 19 പോയിന്റുമായി സിറ്റി എട്ടാം സ്ഥാനത്തുമാണ് നിർത്തുന്നത്.