ചാമ്പ്യന്മാരുടെ പ്രതിരോധം തകർന്നു, നോർവിച്ചിൽ സീസണിലെ ആദ്യ തോൽവി വഴങ്ങി സിറ്റി

noufal

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കുഞ്ഞന്മാർക്ക് മുൻപിൽ അടിപതറി മാഞ്ചസ്റ്റർ സിറ്റി. ലീഗിലെ ഏറ്റവും മികച്ച ആക്രമണ നിരയുമായി എത്തിയ സിറ്റി നോർവിച്ചിനോട് 3-2 നാണ് നാണം കെട്ടത്. പ്രതിരോധത്തിൽ വരുത്തിയ വൻ പിഴകൾക്ക് സിറ്റിക്ക് 3 പോയിന്റാണ് വില നൽകേണ്ടി വന്നത്. ഇന്ന് തോറ്റതോടെ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ലിവർപൂളിന് 5 പോയിന്റ് പിറകിലായി രണ്ടാം സ്ഥാനത്താണ് സിറ്റി. 6 പോയിന്റുള്ള നോർവിച് 12 ആം സ്ഥാനത്താണ്.

തീർത്തും പ്രതിരോധ ഫുട്‌ബോൾ കളിക്കും എന്ന് പ്രതീക്ഷിച്ച നോർവിച് മാഞ്ചസ്റ്റർ സിറ്റിയെ ലഭിക്കുന്ന അവസരങ്ങളിൽ എല്ലാം ആക്രമിക്കുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ കണ്ടത്. ലപോർട്ടിന്റെ അഭാവത്തിൽ സിറ്റി പ്രതിരോധം ദുർബലമായതും അവർക്ക് കാര്യങ്ങൾ എളുപ്പമാക്കി. കോർണറിൽ നിന്ന് നോർവിച്ചാണ് സിറ്റിയെ ഞെട്ടിച്ച് ആദ്യ ഗോൾ നേടിയത്‌. 18 ആം മിനുട്ടിൽ കെന്നി മക്ലീൻ ഹെഡറിലൂടെയാണ് ഗോൾ നേടിയത്. ഏറെ വൈകാതെ സിറ്റി പ്രതിരോധത്തിലെ പിഴവ് മുതലാക്കി 28 ആം മിനുട്ടിൽ ടോഡ് കാന്റ്വെൽ ആണ് നോർവിച് ലീഡ് രണ്ടാക്കിയത്. ആദ്യ പകുതിക്ക് പിരിയും മുൻപേ അഗ്യൂറോ ഒരു ഗോൾ മടക്കിയത് സിറ്റിയുടെ രണ്ടാം പകുതിയിലെ പ്രതീക്ഷകൾ ഉയർത്തി.

രണ്ടാം പകുതി പക്ഷെ ഗാർഡിയോള ഒരിക്കലും ആഗ്രഹിക്കാത്ത തുടക്കമാണ് സിറ്റിക്ക് ലഭിച്ചത്. 50 ആം മിനുട്ടിൽ നിക്കോളാസ് ഒട്ടാമെന്റി വരുത്തിയ വൻ പിഴവ് മുതലാക്കി പന്ത് തട്ടി എടുത്ത എമിലിയാണോ നൽകിയ പാസ്സിൽ നിന്ന് സെപ്റ്റംബറിലെ താരം പുക്കി നോർവിച്ചിന്റെ സ്കോർ 3-1 ആക്കി ഉയർത്തി. പിന്നീട് ജിസൂസ്, ഡു ബ്രെയ്ൻ, മഹ്‌റസ് എന്നിവരെയെല്ലാം പെപ്പ് ഇറക്കിയെങ്കിലും നോർവിച് പ്രതിരോധത്തെ ഇളക്കാൻ അവർക്കാർക്കുമാവാതെ വന്നതോടെ സിറ്റി ഈ സീസണിലെ ആദ്യ തോൽവി ഉറപ്പിച്ചു. 88 ആം മിനുട്ടിൽ റോഡ്രി സിറ്റിക്കായി ഗോൾ നേടിയെങ്കിലും സമയം ഏറെ വൈകിയിരുന്നു. ലപോർട്ടിന്റെ അഭാവത്തിൽ നിലവിലെ സിറ്റി പ്രതിരോധ നിരയുടെ ദൗർബല്യങ്ങൾ വെളിപ്പെടുത്തുന്ന മത്സരമായിരുന്നു ഇന്നത്തേത്.