ഈ സീസണിൽ അവസരങ്ങൾ കുറവായിരുന്നെങ്കിലും അടുത്ത സീസണിലും താൻ മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെ തുടരുമെന്ന് മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ റിയാദ് മഹ്‌റസ്. തനിക്ക് തന്റെ കഴിവിൽ വിശ്വാസം ഉണ്ടെന്നും മാഞ്ചസ്റ്റർ സിറ്റിയിൽ താൻ സന്തോഷവാനാണെന്നും മുൻ ലെസ്റ്റർ താരം കൂടിയായ മഹ്റസ് പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് കിരീടം ചൂടിയ സീസണിൽ മഹ്റസിന് വെറും 14 മത്സരങ്ങളിൽ മാത്രമാണ് സ്റ്റാർട്ടിൽ ഇലവനിൽ സ്ഥാനം ലഭിച്ചത്.
ടീമിലെ സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള മത്സരങ്ങൾ സ്വാഭാവികമാണെന്നും അടുത്ത സീസണിൽ പരിശീലകൻ പെപ് ഗ്വാർഡിയോളയെ തൃപ്തിപ്പെടുത്തുന്ന പ്രകടനം തനിക്ക് പുറത്തെടുക്കാൻ കഴിയുമെന്ന് തനിക്ക് വിശ്വാസം ഉണ്ടെന്നും മഹ്റസ് പറഞ്ഞു. നിലവിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമിൽ സ്ഥാനം നേടുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നും മഹ്റസ് പറഞ്ഞു. കഴിഞ്ഞ ദിവസം ബ്രൈറ്റനെതിരെ 4-1ന് വിജയിച്ച് മാഞ്ചസ്റ്റർ സിറ്റി കിരീടം നേടിയപ്പോൾ മത്സരത്തിൽ മഹ്റസ് ഗോൾ നേടിയിരുന്നു. 2016ൽ ലെസ്റ്ററിന്റെ കൂടെ കിരീടം നേടിയ മഹ്റസിന്റെ രണ്ടാമത്തെ പ്രീമിയർ ലീഗ് കിരീടമായിരുന്നു ഇത്.