മക്കേഡാാാാ!!! ആ സുവർണ്ണ ഗോളിന് 10 വയസ്സ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഓർക്കുന്നവർ ഒരിക്കലും മറക്കാത്ത പേരാണ് മക്കേഡ. ഒരു 17കാരൻ നേടിയ അത്ഭുത ഗോൾ. അന്ന് കമന്റേറ്റർ ആയിരുന്ന മാർട്ടിൻ ടെയ്ലർ ഗോളിന് ശേഷം വിളിച്ച മക്കേഡാ വിളി ഒരു ഫുട്ബോൾ ആരാധകനും മറക്കില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കിരീടം ഉറപ്പിച്ച മത്സരമായിരുന്നു അത്. അന്ന് ആസ്റ്റൺ വില്ലയെ നേരിടാം ഇറങ്ങുമ്പോൾ യുണൈറ്റഡിന് വിജയം നിർബന്ധമായിരുന്നു. കാരണം അതിനു തൊട്ടു മുമ്പ് ലിവർപൂൾ വിജയിച്ച് ലീഗിൽ ഒന്നാമത് എത്തിയിരുന്നു.

പരാജയപ്പെട്ടാൽ പിന്നെ ലീഗ് കിരീടം കിട്ടിയേക്കില്ല എന്ന അവസ്ഥ. അന്ന് യുണൈറ്റഡ് നിരയിൽ വെയ്ൻ റൂണി, വിഡിച്, സ്കോൾസ് എന്നിവർ സസ്പെൻഷൻ കാരണം പുറത്ത്. ബെർബറ്റോവ്, ഫെർഡിനാൻഡ്, ബ്രൗൺ, ആൻഡേഴ്സൺ എന്നിവർ പരിക്ക് കാരണവും പുറത്ത്. ടെവെസുമായി അഭിപ്രായ വ്യത്യാസങ്ങൾ കാരണം ഫെർഗൂസൺ ടീമിലും എടുത്തില്ല.

അതിനിർണായക മത്സരത്തിൽ ബെഞ്ചിൽ ഒരു 17 കാരൻ. കികോ മക്കേഡ. ആദ്യമായായിരുന്നു പലരും ആ പേരു കേൾക്കുന്നത്. ഇന്നത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ സോൾഷ്യാർ ആയിരുന്നു അന്ന് മാഞ്ചസ്റ്ററിന്റെ റിസേർവ്സ് ടീമിനെ പരിശീലിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ നിർദേശ പ്രകാരമാണ് ഫെർഗൂസൺ മക്കേഡയെ അന്ന് ടീമിൽ ഉൾപ്പെടുത്തിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് 1-2ന് പിറകിൽ നിൽക്കുമ്പോൾ ആയിരുന്നു മക്കേഡയെ ഫെർഗൂസൺ സബ്ബായി ഇറക്കുന്നത്. ഫെർഗൂസന്റെ തീരുമാനം എല്ലാവരെയും ഞെട്ടിച്ചു. ഒരു ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളിലൂടെ യുണൈറ്റഡ് സ്കോർ 2-2 എന്നാക്കി. അന്ന് വിജയിച്ചാൽ മാത്രമേ യുണൈറ്റഡിന് ഒന്നാമത് എത്താൻ ആവുമായിരുന്നുള്ളൂ. കളി ഇഞ്ച്വറി ടൈമിലേക്ക് കടന്നു.

അപ്പോഴാണ് മക്കേഡയ്ക്ക് ബോക്സിന് തൊട്ടു പുറത്ത് വെച്ച് ഒരു പന്ത് കിട്ടുന്നത്. അത് ടച്ച് ചെയ്ത് ടേണിൽ വീണു കിടന്നുകൊണ്ടായിരുന്നു മക്കേഡ സ്ട്രൈക്ക് എടുത്തത്. വളഞ്ഞ് ആസ്റ്റൺ വില്ല കീപ്പറെ മറികടന്ന് പന്ത് വലയിൽ. യുണൈറ്റഡ് 3-2ന് വിജയിച്ച് ലീഗിൽ ഒന്നാമത്. കിരീടം ലിവർപൂളിൽ നിന്ന് അകന്നു. ഈ ഗോളിന് ഇന്ന് 10 വയസ്സ് പ്രായമായിരിക്കുകയാണ്. കികോ മക്കേഡയ്ക്ക് ആ ഗോളിന് ശേഷം അധികം യുണൈറ്റഡിൽ തിളങ്ങാനായില്ല എങ്കിലും ആ ഗോൾ എന്നും മാഞ്ചസ്റ്റർ ആരാധകരുടെ മനസ്സിൽ ഉണ്ടാകും

Advertisement