ഇന്നലെ ഓൾഡ് ട്രാഫോഡിൽ നടന്ന വാശിയേറിയ ത്രില്ലറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് സൗത്താംപ്ടണെ മറികടന്നിരുന്നു. ഒരു ഗോളിന് പിന്നിൽ പോയതിനു ശേഷമായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചുവരവ് കണ്ടത്. രണ്ടു ഗോളുകൾ നേടി മത്സരത്തിലെ താരമായി മാറിയത് റൊമേലു ലുകാകു ആയിരുന്നു. വളരെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു ലുകാകുവിന്റെ രണ്ടു ഗോളുകളും. ബെൽജിയൻ താരത്തിന് നേരെ എന്നും ഉയർന്നിരുന്ന വിമർശനം ആയിരുന്നു തൻറെ വീക്ക് ഫൂട്ട് ആയ വലത് കാലു കൊണ്ട് ഗോൾ നേടാൻ ലുകാകുവിന് കഴിയുന്നില്ല എന്നത്. എന്നാൽ അതിനെയെല്ലാം കാറ്റിൽ പറത്തുന്ന പ്രകടനമാണ് ലുകാകു നടത്തിയത്.
ഇന്നലെ നേടിയ രണ്ടു ഗോളുകളും പിറന്നത് ലുകാകുവിന്റെ വലത് കാലിൽ നിന്നായിരുന്നു. ആദ്യത്തെ ഗോൾ ബോക്സിന്റെ വലത് മൂലയിൽ നിന്നും ഒരു ഗ്രൗണ്ടറിലൂടെ മികച്ച ഒരു ക്ലിനിക്കൽ ഫിനിഷ്. രണ്ടാമത്തേത് അതിലും മികച്ച ഒരു ഗോളായിരുന്നു, വീക്ക് ഫൂട്ട് പോലെ എന്നും ഉയർന്നു കേട്ട വിമർശനം ആയിരുന്നു ബോസ്കിനു പുറത്തു നിന്ന് ഗോൾ നേടാൻ ലുകാകുവിന് കഴിയുന്നില്ല എന്നത്, എന്നാൽ രണ്ടാം ഗോൾ പിറന്നത് ബോക്സിനു പുറത്തു വെച്ചു എടുത്ത ഒരു വലം കാൽ കിക്കിൽ ആയിരുന്നു. 2016 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് ലുകാകു പ്രീമിയർ ലീഗിൽ ബോക്സിനു പുറത്ത് വെച്ച് ഒരു ഗോൾ നേടുന്നത്.
https://twitter.com/RomeluLukaku9/status/1101927004599922688
കഴിഞ്ഞ ദിവസം ക്രിസ്റ്റൽ പാലസിന് എതിരെ നടന്ന മത്സരത്തിലും ലുകാകു വലത് കാലിൽ നിന്നും ഒരു ഗോൾ നേടിയിരുന്നു. മോശം ഫോമിലൂടെ കടന്നു പോയിരുന്ന ലുകാകു കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നിന്നയി 4 ഗോളുകൾ ആണ് നേടിയത്. തന്റെ കഴിവ് കേടുകൾ മറികടക്കാൻ ലുകാകു പരിശീലന സമയങ്ങളിൽ കഠിന പ്രയത്നം നടത്തുന്നുണ്ട് എന്ന് ഒലെ തന്നെ പറഞ്ഞിരുന്നു, അതിന്റെ തെളിവാണ് കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ഗ്രൗണ്ടിൽ കാണുന്നതും.