90 മിനിറ്റുകൾ പന്ത് കാലു കൊണ്ട് തൊട്ടത് 7 തവണ മാത്രം, ലുക്കാക്കുവിന്റെ കഷ്ടകാലം തുടരുന്നു

ചെൽസിയിൽ തന്റെ മോശം ഫോം തുടരുന്ന റോമലു ലുക്കാക്കുവിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. തന്റെ മുൻ ക്ലബ് ഇന്റർ മിലാനോടുള്ള താല്പര്യം പരസ്യമാക്കി ചെൽസി ആരാധകരുടെയും പരിശീലകന്റെയും അതൃപ്തി വിളിച്ചു വരുത്തിയ താരം ഇന്ന് ക്രിസ്റ്റൽ പാലസിന് എതിരായ മത്സരത്തിൽ പന്ത് കാലു കൊണ്ടു തട്ടിയത് വെറും ഏഴു പ്രാവശ്യം ആണ്.

റെക്കോർഡ് തുകക്ക് ചെൽസിയിൽ എത്തിയ അവരുടെ മുൻ അക്കാദമി താരമായ ലുക്കാക്കു 90 മിനിറ്റ് കളിച്ചിട്ടും പന്ത് കാലിൽ കിട്ടിയത് വെറും 7 തവണ മാത്രമാണ്. ആദ്യ പകുതിയിൽ വെറും 2 തവണ മാത്രമായിരുന്നു താരം പന്ത് കാലു കൊണ്ടു തൊട്ടത്. അതിൽ ഒന്നു ആവട്ടെ കിക്ക് ഓഫ് സമയത്തെ ടച്ചും. ഒപ്റ്റ 2003-04 സീസണിനു ശേഷം ഇത്തരം കണക്കുകൾ എടുത്ത് തുടങ്ങിയ ശേഷം 90 മിനിറ്റ് മത്സരത്തിൽ ഏറ്റവും കുറവ് ടച്ചുകൾ ഒരു മത്സരത്തിൽ നടത്തിയ താരമായി ഇതോടെ ബെൽജിയം താരം മാറി.