മുൻ സ്പെയിൻ നാഷണൽ ടീം മാനേജർ ലൂയിസ് എൻറികെ പ്രീമിയർ ലീഗിൽ പരിശീലിപ്പിക്കാനുള്ള ആഗ്രഹം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ലൂയിസ് എൻറികെ ചെൽസിയുമായി ചർച്ചകൾ നടത്താനായി ഇംഗ്ലണ്ടിൽ എത്തിയിരിക്കുകയാണ്. എൻറികെയുമായി മാത്രമല്ല നാഗൽസ്മാനുമായും ചെൽസി ചർച്ചകൾ നടത്തുന്നുണ്ട്. പോട്ടറിനെ പുറത്താക്കിയ ചെൽസി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിനു മുമ്പ് പുതിയ പരിശീലകനെ എത്തിക്കാൻ ആണ് ശ്രമിക്കുന്നത്.
തനിക്ക് ഇഷ്ടപ്പെടുന്ന ഒരു “രസകരമായ പ്രോജക്റ്റ്” ആരെങ്കിലും അവതരിപ്പിച്ചാൽ താൻ ഇംഗ്ലണ്ടിലേക്ക് മാറുന്ന കാര്യം പരിഗണിക്കും എന്ന് എൻറികെ പറഞ്ഞിരുന്നു. 2022 ലെ ഖത്തർ ലോകകപ്പിൽ ടീമിന്റെ നിരാശാജനകമായ പ്രകടനത്തെ തുടർന്ന് എൻറിക് സ്പെയിൻ മാനേജർ സ്ഥാനം വിട്ടിരുന്നു. നിരവധി ദേശീയ ടീമുകളിൽ നിന്ന് അദ്ദേഹത്തിന് ഓഫറുകൾ ലഭിച്ചെങ്കിലും തന്റെ അടുത്ത നീക്കത്തെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മുമ്പ് ബാഴ്സലോണയെ പരിശീലിപ്പിച്ച് കിരീടങ്ങൾ നേടിയിട്ടുള്ള പരിശീലകനാണ് എൻറികെ.