സ്പർസ് പരിശീലകനായ ശേഷം മൗറീനോ ഇന്ന് ആദ്യമായി തന്റെ പഴയ തട്ടകമായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ. പ്രീമിയ്ക്ർ ലീഗിലെ ടോപ്പ് 4 പോരാട്ടത്തിൽ നിർണായകമായ പോരാട്ടത്തിൽ ഇന്ന് വൈകിട്ട് 6 മണിക്കാണ് ഫ്രാങ്ക് ലംപാർഡും ജോസ് മൗറിനോയും നേർക്കുനേർ വരിക. നിലവിൽ നാലാം സ്ഥാനത്തുള്ള ചെൽസിയും അഞ്ചാം സ്ഥാനത്തുള്ള സ്പർസും തമ്മിൽ കേവലം 1 പോയിന്റ് മാത്രമാണ് വ്യത്യാസം എന്നത് പോരാട്ടത്തിന് ആവേശം നൽകുമെന്ന് ഉറപ്പാണ്.
ഇരു ടീമുകളും പരിക്ക് കൊണ്ട് വലയുന്ന അവസ്ഥയിൽ ആണ് ഏറ്റു മുട്ടാൻ ഒരുങ്ങുന്നത്. ചെൽസി നിരയിൽ കാന്റെ, പുലീസിക് എന്നിവർ ഇന്ന് കളിക്കില്ല. ലോഫ്റ്റസ് ചീക്ക്, അബ്രഹാം എന്നിവർ ടീമിൽ ഉണ്ടാകുമെങ്കിലും ആദ്യ ഇലവനിൽ കളിക്കാൻ സാധ്യതയില്ല. മിച്ചി ഭാത്ശുവായിക്ക് പകരം ജിറൂദ് ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കും. സ്പർസിൽ കെയ്ൻ ഇല്ലാതെയാണ് ഏറെ കാലമായി കളിക്കുന്നത് എങ്കിലും ആക്രമണം നയിച്ചിരുന്ന ഹ്യുങ് മിൻ സോണിന്റെ പരിക്ക് മൗറിനോക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. സീസണിൽ ആദ്യം ഇരുവരും സ്പർസിന്റെ മൈതാനത്ത് ഏറ്റു മുട്ടിയപ്പോൾ വില്ലിയന്റെ 2 ഗോളുകളുടെ പിൻബലത്തിൽ ചെൽസിയാണ് ജയിച്ചത്.