ലിവർപൂൾ പ്രതിരോധ താരം വാൻ ഡൈകിന്റെ ശസ്ത്രക്രിയ വിജയകരം

ലിവർപൂൾ പ്രതിരോധ താരം വാൻ ഡൈകിന്റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്ന് ലിവർപൂൾ. ലണ്ടനിൽ വെച്ച് നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും താരം ലിവർപൂൾ മെഡിക്കൽ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ സുഖപ്പെട്ട് വരുന്നതായും ക്ലബ് വ്യക്തമാക്കി. എന്നാൽ താരം പരിക്ക് മാറി എന്ന് പരിശീലനം പുനരാരംഭിക്കുമെന്ന് ക്ലബ് വ്യക്തമാക്കിയിട്ടില്ല.

ഈ പ്രീമിയർ ലീഗ് സീസണിൽ മുഖ്യ ഭാഗവും പരിക്ക് മൂലം വാൻ ഡൈകിനു നഷ്ട്ടപെടുമെന്നാണ് കരുതപ്പെടുന്നത്. ഒക്ടോബർ 17ന് നടന്ന മേഴ്സിസൈഡ് ഡെർബിക്കിടെയാണ് എവെർട്ടൺ ഗോൾ കീപ്പർ പിക്‌ഫോർഡുമായി കൂട്ടിയിടിച്ച് വാൻ ഡൈകിന്റെ ലിഗ്‌മെന്റിന് പരിക്കേറ്റത്. മത്സരത്തിൽ എവെർട്ടണെതിരെ ലിവർപൂൾ 2-2ന് സമനിലയിൽ കുടുങ്ങുകയും ചെയ്തിരുന്നു.

അതെ സമയം വാൻ ഡൈകിനു പരിക്കേറ്റത്തിന് പിന്നാലെ താരത്തിന്റെ അഭാവത്തിൽ പ്രതിരോധത്തിൽ കളിച്ച ഫാബിനോക്കും കഴിഞ്ഞ ദിവസം പരിക്കേറ്റിരുന്നു. കൂടാതെ മാറ്റ് പ്രതിരോധ താരങ്ങളായ ജോ ഗോമസും ജോയൽ മാറ്റിപും പരിക്ക് മൂലം ടീമിന് പുറത്താണ്.