ഒരിക്കൽ കൂടെ ലിവർപൂൾ ക്ലബിന്റെ തിരിച്ചുവരവ്. ഇന്ന് വോൾവ്സിനെതിരെ എവേ മത്സരത്തിൽ വോൾവ്സിനെതിരെ തിരിച്ചടിച്ചു കൊണ്ട് 3-1ന്റെ വിജയം ലിവർപൂൾ നേടി. ഈ ജയത്തോടെ ലിവർപൂൾ ലീഗിൽ ഒന്നാം സ്ഥാനത്തും എത്തി.
മൊളിനക്സിൽ ആർക്കും കാര്യങ്ങൾ എളുപ്പമായിരിക്കില്ല എന്ന് സൂചിപ്പിക്കുന്ന പ്രകടനം ആണ് തുടക്കത്തിൽ തന്നെ വോൾവ്സ് കാഴ്ച വെച്ചത്. മത്സരം ആരംഭിച്ച് എട്ടാം മിനുട്ടിൽ തന്നെ വോൾവ്സ് ലിവർപൂളിനെ ഞെട്ടിച്ച് ലീഡ് എടുത്തു. നെറ്റോ നടത്തിയ ഒരു മികച്ച റൺ ആണ് ലിവർപൂൾ പ്രതിരോധത്തെ കീഴ്പ്പെടുത്താൻ സഹായിച്ചത്. നെറ്റോയുടെ പാസ് ഹ്വാങ് ഹീ ചാൻ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-0.
ആദ്യ പകുതിയിൽ വോൾവ്സ് ആ ലീഡ് നിലനിർത്തി. പക്ഷെ ഈ സീസണിൽ ഇതുവരെ എന്ന പോലെ ലിവർപൂളിന്റെ തിരിച്ചടി കാണാൻ ആയി. രണ്ടാം പകുതിയിൽ 55ആം മിനുട്ടിൽ സലായുടെ പാസ് സ്വീകരിച്ച് കോഡി ഗാക്പോ ലിവർപൂളിന് സമനില ഗോൾ നൽകി. ലിവർപൂൾ അതിനു ശേഷവും അറ്റാക്ക് തുടർന്നു.
മത്സരം അവസാനിക്കാൻ 5 മിനുട്ട് മാത്രം ശേഷിക്കെ സലാ തന്നെ രണ്ടാം ഗോളിനും അവസരം ഒരുക്കി. ഇത്തവണ സലായുടെ പാസ് സ്വീകരിച്ച് റൊബേർട്സൺ പന്ത് സാറിനെ മറികടന്ന് വലയിൽ എത്തിച്ചു. സ്കോർ 2-1. പിന്നാലെ ഇഞ്ച്വറി ടൈമിൽ ഹാർവി എലിയറ്റിന്റെ ഷോട്ട് വലിയ ഡിഫ്ലക്ഷനോടെ വലയിലേക്ക് പോയി. സ്കോർ 3-1. ഈ ഗോൾ ലിവർപൂൾ വിജയവും ഉറപ്പിച്ചു.
ലിവർപൂൾ ഈ വിജയത്തോടെ 5 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തി. വോൾവ്സ് 3 പോയിന്റുമായി 15ആം സ്ഥാനത്ത് നിൽക്കുന്നു.