ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിന് മുൻപ് പ്രതിരോധ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കും : ക്ളോപ്പ്

Staff Reporter

അടുത്ത തിങ്കളാഴ്ച ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോ അടക്കുന്നതിന് മുൻപ് പ്രതിരോധ താരത്തെ സ്വന്തമാക്കാൻ ലിവർപൂൾ ശ്രമിക്കുമെന്ന് പരിശീലകൻ യർഗൻ ക്ലോപ്പ്. കഴിഞ്ഞ ദിവസം ടോട്ടൻഹാമിനെതിരായ മത്സരത്തിനിടെ ജോയൽ മാറ്റിപ്പിന് പരിക്കേറ്റിരുന്നു. കൂടാതെ ഫാബിനോയും കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ് പുറത്തിരുന്നതോടെയാണ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ പ്രതിരോധ താരത്തെ സ്വന്തമാക്കാൻ ലിവർപൂൾ ശ്രമം നടത്തുമെന്ന് ക്ളോപ്പ് പറഞ്ഞത്. എന്നാൽ പുതിയ പ്രതിരോധ താരത്തെ ലിവർപൂൾ ടീമിൽ എത്തിക്കുമെന്ന് ഉറപ്പ് പറയാൻ ക്ളോപ്പ് തയ്യാറായില്ല.

ലിവർപൂൾ നിരയിൽ നാല് പ്രധാന പ്രതിരോധ താരങ്ങൾ പരിക്കേറ്റ് പുറത്താണ്. പരിക്കേറ്റ ഫാബിനോ അടുത്ത ഞായറാഴ്ച നടക്കുന്ന വെസ്റ്റ്ഹാമിനെതിരായ മത്സരത്തിൽ കളിക്കില്ലെന്ന് ക്ളോപ്പ് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ടോട്ടൻഹാമിനെതിരായ മത്സരത്തിൽ പരിക്കേറ്റ മാറ്റിപ് ആഴ്ചകളോളം ടീമിൽ നിന്ന് പുറത്തായിരിക്കുമെന്നും സൂചനയുണ്ട്. പ്രധാന പ്രതിരോധ താരങ്ങൾക്ക് പരിക്കേറ്റതോടെ ക്യാപ്റ്റൻ ഹെന്ഡേഴ്സൺ ആണ് പലപ്പോഴും ലിവർപൂൾ പ്രതിരോധത്തിൽ കളിച്ചത്. പ്രതിരോധ താരങ്ങളായ ഗോമസും വാൻ ഡൈകും നേരത്തെ തന്നെ പരിക്ക് മൂലം ടീമിൽ നിന്ന് പുറത്താണ്.