ചെകുത്താനും കടലിനും ഇടയിൽ നിൽക്കുക എന്ന അവസ്ഥയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ. ഇന്ന് അവർക്ക് ഈ സീസണിലെ ഏറ്റവും നിർണായകമായ മത്സരമാണ്. ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റി ആണ് എതിരാളികൾ. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റാലും ആരാധകരിൽ ഭൂരിഭാഗത്തിനും സങ്കടമുണ്ടാകില്ല. ആരാധകരിൽ പലർക്കും ഇന്ന് യുണൈറ്റഡ് തോൽക്കുന്നതിലാണ് സന്തോഷവും. ടോപ് 4ൽ എത്താൻ ഇന്ന് ജയം നിർബന്ധമാണ് എന്നിരിക്കെയാണ് തോറ്റാലും പ്രശ്നമില്ല എന്ന് ആരാധകർ കരുതുന്നത്.
എന്താണ് കാര്യം? മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലണ്ടിന്റെ പ്രധാന വൈരികളാണ് മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും. പക്ഷെ അര നൂറ്റാണ്ടായി പരസ്പരം ഇംഗ്ലണ്ടിന്റെ തലപ്പത്തു നിന്ന് പോരാടുന്ന ടീമുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും. അതുകൊണ്ട് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വെറുപ്പ് കൂടുതൽ ലിവർപൂളിനോടാണ്. അതാണ് ഇന്ന് മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റാലും കുഴപ്പമില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ കരുതാൻ കാരണം.
പ്രീമിയർ ലീഗിൽ ഇപ്പോൾ കിരീട പോരാട്ടത്തിൽ സിറ്റിയും ലിവർപൂളും ഒപ്പത്തിനൊപ്പം എന്ന നിലയിലാണ്. ഇനി അവശേഷിക്കുന്നത് നാലു മത്സരങ്ങളും. ഇന്ന് മാഞ്ചസ്റ്റർ സിറ്റിയെ യുണൈറ്റഡ് പരാജയപ്പെടുത്തിയാൽ സിറ്റിയുടെ കിരീട പ്രതീക്ഷ അവസാനിക്കും. ലിവർപൂൾ കിരീടത്തിലേക്ക് അടുക്കും. പ്രീമിയർ ലീഗ് ചരിത്രത്തിൽ ലിവർപൂളിന് ആദ്യ കിരീടം ആകും.
ലിവർപൂൾ കിരീടം നേടിയാൽ അവരുടെ ഇംഗ്ലണ്ടിലെ 19ആം ലീഗ് കിരീടമാകും അത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് 20 കിരീടമാണുള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കിരീട നേട്ടത്തിന് അടുത്തേക്ക് ലിവർപൂൾ എത്തുന്നത് യുണൈറ്റഡ് ആരാധകർക്ക് സഹിക്കാൻ കഴിഞ്ഞേക്കില്ല. അതുകൊണ്ട് ഇന്ന് സിറ്റി ജയിക്കാതിരിക്കുന്നത് യുണൈറ്റഡിന് ക്ഷീണമാകും.
എന്നാൽ സിറ്റി ജയിച്ചോട്ടെ എന്ന് കരുതിയാലും പ്രശ്നമാണ്. സിറ്റി ജയിച്ചാൽ യുണൈറ്റഡിന്റെ ടോപ്പ് 4 പ്രതീക്ഷ പൂർണ്ണമായും അവസാനിക്കും. അതോടെ ഒലെ ഗണ്ണാർ സോൾഷ്യാറിനും യുണൈറ്റഡിനും ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലാതാകും. ചാമ്പ്യൻസ് ലീഗ് യോഗ്യത ഇല്ലായെങ്കിൽ അടുത്ത സീസണിൽ നല്ല മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ കഴിഞ്ഞേക്കില്ല. അതു മാത്രമല്ല ഇന്ന് കൂടെ പരാജയപ്പെട്ടാൽ അവസാന ഒമ്പത് മത്സരങ്ങളിൽ ഏഴു പരാജയപ്പെട്ട് ചരിത്രത്തിലെ ഏറ്റവും മോശം റെക്കോർഡിൽ യുണൈറ്റഡ് എത്തും.
ചുരുക്കി പറഞ്ഞാൽ ഇന്ന് ജയിച്ചാലും തോറ്റാലും യുണൈറ്റഡിന് സങ്കടങ്ങൾ മാത്രമേ മുന്നിൽ ഉള്ളൂ. ഏത് സങ്കടം വേണമെന്ന് യുണൈറ്റഡ് തീരുമാനിക്കണം എന്ന് മാത്രം.