ലിവർപൂൾ ഇനി അപരാജിതരല്ല!! കിരീട പോരാട്ടത്തിൽ തിരികെ എത്തി മാഞ്ചസ്റ്റർ സിറ്റി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂളിന്റെ സ്വപ്ന കുതിപ്പിന് അവസാനം. പ്രീമിയർ ലീഗിലെ ഈ സീസണിൽ ഇതുവരെ പരാജയം അറിയാതിരുന്ന ലിവർപൂൾ ഇന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ ഇത്തിഹാദിൽ പരാജയം അറിഞ്ഞു. ശക്തമായ പോരാട്ടം നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത്. ഈ വിജയം പ്രീമിയർ ലീഗിലെ കിരീട പോരാട്ടം കടുത്തതാക്കി മാറ്റി.

കളിയിൽ തിടക്കത്തിൽ കൂടുതൽ താളം കണ്ടെത്തിയത് മാഞ്ചസ്റ്റർ സിറ്റി ആയിരുന്നു. എന്നാൽ കളിയിലെ മികച്ച അവസരം ആദ്യം ലഭിച്ചത് ലിവർപൂളിനും. ലിവർപൂളിന്റെ മാനെയുടെ ഷോട്ട് പോസ്റ്റിന് തട്ടി മടങ്ങുകയും സ്റ്റോൺസിന്റെ ഗോൾ ലെയ്ൻ ക്ലിയറൻസും ഒക്കെ ലിവർപൂളിന്റെ രാത്രിയല്ല ഇത് എന്ന സൂചനകൾ നൽകി. കളിയുടെ 40ആം മിനുട്ടിൽ അഗ്വേറോ മാഞ്ചസ്റ്റർ സിറ്റിയെ മുന്നിൽ എത്തിച്ചു. വളരെ വിഷമമുള്ള ആങ്കിളിൽ നിന്ന് തന്റെ ഷോട്ടിന്റെ പവർ കൊണ്ട് അലിസണെ അഗ്വേറോ പരാജയപ്പെടുത്തുകയായിരുന്നു.

രണ്ടാം പകുതിയിൽ ഫോർമേഷനിൽ ചെറിയ മാറ്റം വരുത്തിയ ലിവർപൂൾ പതിയെ താളം കണ്ടെത്താൻ തുടങ്ങി. കളിയുടെ 64ആം മിനുട്ടിൽ സമനില കണ്ടെത്താനും ലിവർപൂളിനായി. ഫർനീനോയുടെ ഫിനിഷിലൂടെ ആയിരുന്നു ലിവർപൂളിന്റെ സമനില. പക്ഷെ ആ സമനില ഗോളിൽ സിറ്റി തളർന്നില്ല. എട്ടു മിനുട്ടുകൾക്കകം സാനെയിലൂടെ സിറ്റി വിജയം ഉറപ്പിച്ച ഗോൾ നേടി.

ഈ വിജയം ലിവർപൂളിന്റെ ഒന്നാം സ്ഥാനത്തെ ലീഡ് നാലാക്കി കുറച്ചു. മാഞ്ചസ്റ്റർ സിറ്റിക്ക് 50 പോയന്റും ലിവർപൂളിന് 54 പോയന്റുമാണ് ലീഗിൽ ഇപ്പോൾ ഉള്ളത്. 48 പോയന്റുമായി ടോട്ടൻഹാമും കിരീട പോരാട്ടത്തിൽ ഉണ്ട്.