ക്ലബ് ലോകകപ്പുമായി വന്ന റയലിന്റെ 2019 തുടക്കം പാളി, കസോർളയ്ക്ക് മുന്നിൽ അടിയറവ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പരിക്ക് കാരണം കരിയർ അവസാനിപ്പിക്കേണ്ടി വരുമെന്ന് എല്ലാവരും കരുതിയ സാന്റി കസോർല എന്ന മുൻ ആഴ്സണൽ താരം ഇന്ന് തന്റെ പോരാട്ടവീര്യത്തിന്റെ കരുത്ത് ലോകത്തിന് കാണിച്ച് കൊടുത്തു. ക്ലബ് ലോകകപ്പുമായി സ്പെയിനിൽ മടങ്ങി എത്തിയ റയൽ മാഡ്രിഡിനെ വിയ്യാറയൽ സമനിലയിൽ തളച്ചപ്പോൾ താരമായത് കസോർല മാത്രമായിരുന്നു. 2-2 എന്ന സ്കോറിൽ അവസാനിച്ച മത്സരത്തിൽ വിയ്യറയലിന്റെ 2 ഗോളുകളും നേടിയത് കസോർല തന്നെ.

കളി തുടങ്ങി നാലാം മിനുട്ടിൽ തന്നെ കസോർല വല കുലുക്കിയിരുന്നു‌. എന്നാൽ പെട്ടെന്ന് തന്നെ തിരിച്ചടിച്ച റയൽ മാഡ്രിഡ് ബെൻസീമയുടെയും വരാനെയുടെയും ഗോളുകളിലൂടെ 20 മിനുട്ടുകൾക്കകം 2-1ന് മുന്നിൽ എത്തി. റയൽ മൂന്ന് പോയന്റുമായി മടങ്ങും എന്ന് തോന്നിച്ചു എങ്കിലും കസോർല തന്നെ വീണ്ടും റയൽ ഡിഫൻസിനെ കീഴ്പ്പെടുത്തി. 82ആം മിനുട്ടിൽ ഹെഡറിലൂടെ ആയിരുന്നു കസോർലയുടെ രണ്ടാം ഗോൾ.

ആഴ്സണലിൽ മികച്ച ഫോമിൽ കളിക്കുന്ന കാലത്തേറ്റ പരിക്ക് അവസാന സീസണുകളിൽ കസോർലയെ തീർത്തും കളത്തിന് പുറത്ത് ഇരുത്തിയിരുന്നു. ഈ സീസണിൽ തുടക്കത്തിലാണ് കസോർലയെ അദ്ദേഹത്തിന്റെ മുൻ ക്ലബായ വിയ്യാറയൽ തിരികെയെടുത്തത്. ആ തീരുമാനം തെറ്റായിരുന്നില്ല എന്ന് ഉറപ്പിക്കുകകൂടിയായ താരത്തിന്റെ ഇന്നത്തെ പ്രകടനം.

ഇന്നത്തെ സമനില റയലിനെ ലീഗിൽ നാലാം സ്ഥാനത്ത് തന്നെ നിർത്തുകയാണ്. ലീഗിൽ ഈ സീസണിൽ ഒട്ടും താളം കണ്ടെത്താൻ കഴിയാതിരുന്ന വിയ്യാറയൽ ഇപ്പോഴും റിലഗേഷൻ ഭീഷണിയിലാണ്.