തീയേറ്റർ ഓഫ് ദുഃസ്വപനം!! ഒലെയെയും വിശ്വസിച്ചിരുന്ന മാഞ്ചസ്റ്ററിനെ ആകാശത്തേക്ക് അയച്ച് ലിവർപൂൾ!!

20211024 224825

തീയേറ്റർ ഓഫ് ഡ്രീംസ് എന്ന് അറിയപ്പെട്ടിരുന്ന ഓൾഡ്ട്രാഫോർഡ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് തീയേറ്റർ ഓഫ് ദുസ്വപ്നം ആയി മാറിയ രാത്രി. നാണക്കേടുകൾ അവസാന എട്ടു വർഷങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പതിവ് ആയിരുന്നു എങ്കിലും ഇതു പോലൊരു നാണക്കേട് അവരുടെ ദുസ്വപ്നത്തിൽ പോലും അവർ കണ്ടു കാണില്ല. സ്വന്തം ഗ്രൗണ്ടിൽ സ്വന്തം കാണികൾക്ക് മുന്നിൽ അവരുടെ ഏറ്റവും വലിയ വൈരികൾക്കു എതിരെ അതി ദയനീയ പരാജയം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് പരാജയപ്പെട്ടത്. സലായുടെ ഹാട്രിക്കും പോഗ്ബയും ചുവപ്പ് കാർഡും എല്ലാം കണ്ട മത്സരം വളരെ അനായസമായാണ് ലിവർപൂൾ വിജയിച്ചത്.

അറ്റലാന്റയ്ക്ക് എതിരെ വിജയിച്ച ടീമിൽ നിന്ന് ഒരു മാറ്റവും ഇല്ലാതെ ഇറങ്ങിയ ഒലെയ്ക്ക് പിഴച്ചെന്ന് മനസ്സിലാകാൻ ഒട്ടും സമയം എടുത്തില്ല. അഞ്ചാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസ് വീണു. ഒരു ബ്രേക്കിൽ മഗ്വയർ താൻ എവിടെയാണ് നിൽക്കേണ്ടത് എന്ന് പതിവു പോലെ മറന്നപ്പോൾ സലാ പന്തുമായി കുതിച്ചു. മിഡ്ഫീൽഡിൽ നിന്ന് വന്ന നാബി കേറ്റ എളുപ്പത്തിൽ സലായുടെ പാസ് സ്വീകരിച്ച് പന്ത് വലയിൽ എത്തിച്ചു. ഈ ഗോളിന്റെ ക്ഷീണം മാറും മുമ്പ് 13ആം മിനുട്ടിൽ വീണ്ടും ലിവർപൂൾ ഗോൾ വന്നു.

വീണ്ടും മഗ്വയറും ഷോയും പരസ്പരം ഡിഫൻഡ് ചെയ്യാൻ വിടാതെ ശല്യപ്പെടുത്തി നിമിഷം മുതലെടുത്ത് അറ്റാക്ക് ചെയ്ത ലിവർപൂൾ ജോടയിലൂടെ രണ്ടാം ഗോൾ നേടി. കാര്യങ്ങൾ പിന്നെ കൂടുതൽ മോശമായി. 38ആം മിനുട്ടിൽ മൊ സലാ തന്റെ വേട്ട തുടങ്ങി. ആദ്യ പകുതി അവസാനിക്കും മുമ്പ് 45ആം മിനുട്ടിൽ സലാ തന്റെ രണ്ടാം ഗോളും നേടി. ആദ്യ പകുതിയിൽ ലിവർപൂൾ 4-0ന് മുന്നിൽ.

ആദ്യ പകുതിയിൽ യുണൈറ്റഡ് കളം വിടുമ്പോൾ ആരാധകർ കൂകി വിളിച്ചാൺ ടീമിനെ ഗ്രൗണ്ടിൽ നിന്ന് കയറ്റിയത്. രണ്ടാം പകുതിയിൽ കാര്യങ്ങൾ മെച്ചപ്പെടുത്താം എന്നാണ് യുണൈറ്റഡ് കരുതിയത് എങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളായി. 50ആം മിനുട്ടിൽ സലാ തന്റെ ഹാട്രിക്ക് തികച്ചു. ഇതിലും കാര്യങ്ങൾ അവസാനിച്ചില്ല. രണ്ടാം പകുതിയിൽ കാര്യങ്ങൾ മെച്ചപ്പെടുത്താൻ പകരക്കാരനായി എത്തിച്ച പോഗ്ബ 60ആം മിനുട്ടിൽ ചുവപ്പ് കാർഡ് വാങ്ങി പോയി.

ലിവർപൂളിന് ദയ ഉള്ളത് കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് പിന്നീട് ഗോൾ വഴങ്ങേണ്ടി വന്നില്ല. രണ്ടാം പകുതിയിൽ ഒരു ഷോട്ട് ടാർഗറ്റിലേക്ക് അടിക്കാൻ പോലും മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല.

അവസാന ഏഴ് മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആകെ 2 മത്സരമാണ് വിജയിച്ചത്. 9 മത്സരങ്ങൾ കഴിഞ്ഞപ്പോൾ യുണൈറ്റഡ് 14 പോയിന്റുമായി ഏഴാം സ്ഥാനത്ത് നിൽക്കുകയാണ്. ലിവർപൂൾ ആകട്ടെ വിജയത്തോടെ 21 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ഈ പരാജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒലെയെ പുറത്താക്കും എന്നാണ് ഫുട്ബോൾ ലോകം കരുതുന്നത്.

Previous articleഎൽ ക്ലാസികോ റയൽ മാഡ്രിഡിന് ഒപ്പം, ബാഴ്സലോണക്ക് സ്വന്തം ഗ്രൗണ്ടിൽ കണ്ണീർ
Next articleഒടുവില്‍ ആ റെക്കോര്‍ഡ് വീണു, ഇന്ത്യയ്ക്ക് ലോകകപ്പിൽ പാക്കിസ്ഥാനോട് തോല്‍വി