വിജയമില്ലാത്ത നാലു പ്രീസീസണിൽ മത്സരങ്ങൾക്ക് ശേഷം ലിവർപൂളിന് വിജയം. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂളിനെ ഇന്ന് ഫ്രഞ്ച് ക്ലബായ ലിയോണെ ആണ് പരാജയപ്പെടുത്തിയത്. പ്രമുഖ താരങ്ങളായ സലാ, അലിസൺ, ഫർമീനോ എന്നിവരൊക്കെ തിരികെ എത്തിയ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം.
ഇന്ന് മത്സരത്തിൽ ലിയോൺ ആയിരുന്നു ആദ്യം ലീഡ് എടുത്തിരുന്നത്. കളിയുടെ നാലാം മിനുട്ടിൽ കിട്ടിയ ഒരു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് ഡിപായ് ആണ് ലിയോണ് ലീഡ് നൽകിയത്. എന്നാൽ ലിവർപൂളിന് മുന്നിൽ ആ ലീഡ് പിടിച്ചു നിർത്താൻ ലിയോണായില്ല. ആ ഗോളിന് 17ആം മിനുട്ടിൽ ഫർമീനോയിലൂടെ ലിവർപൂൾ മറുപടി പറഞ്ഞു. രണ്ട് മിനുട്ടുകൾക്ക് ശേഷം ഒരു സെൽഫ് ഗോളിലൂടെ ലിവർപൂൾ ലീഡും എടുത്തു.
രണ്ടാം പകുതിയിൽ ഒരു ഗംഭീരമായ സ്ട്രൈക്കിലൂടെ വിൽസൺ ലിവർപൂളിന്റെ വിജയം ഉറപ്പിക്കുകയും ചെയ്തു. ഈ മത്സരത്തോടെ ലിവർപൂളിന്റെ പ്രീസീസൺ അവസാനിച്ചു. ഇനി കമ്മ്യൂണിറ്റി ഷീൽഡാണ് ലീഗ് ആരംഭിക്കും മുമ്പുള്ള ലിവർപൂളിന്റെ മത്സരം. കമ്മ്യൂണിറ്റി ഷീൽഡിൽ മാഞ്ചസ്റ്റർ സിറ്റിയെ ആണ് ലിവർപൂൾ നേരിടുക.