കൊറോണ വൈറസ് ബാധ മൂലം പ്രീമിയർ ലീഗ് പൂർത്തിയായിട്ടില്ലെങ്കിൽ ലിവർപൂളിന് കിരീടം നൽകുന്നതിൽ തെറ്റില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ ഇൽകെ ഗുണ്ടോഗൻ. പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന് നൽകുന്നതിനോട് യോജിപ്പുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് ലിവർപൂൾ കിരീടം അർഹിക്കുന്നുണ്ടെന്ന് മാഞ്ചസ്റ്റർ സിറ്റി താരം പറഞ്ഞത്.
പ്രീമിയർ ലീഗ് സീസൺ മുഴുവൻ റദ്ധാക്കിയാൽ അഭിപ്രായ ഭിന്നത ഉണ്ടാവുമെന്നും സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തവർക്ക് സീസൺ റദ്ധാക്കുന്നതിനോട് യോജിക്കില്ലെന്നും സീസണിൽ മോശം പ്രകടനം പുറത്തെടുത്ത് റെലെഗേഷൻ ഭീഷണി നേരിടുന്ന ടീമുകൾ സീസൺ റദ്ധാക്കുന്നതിനോട് യോജിക്കുമെന്നും ഗുണ്ടോഗൻ പറഞ്ഞു.
നിലവിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒന്നാം സ്ഥാനത്ത് 25 പോയിന്റിന്റെ ലീഡ് ലിവർപൂളിനുണ്ട്. മാർച്ച് 13ന് പ്രീമിയർ ലീഗ് നിർത്തിവെക്കുമ്പോൾ ലിവർപൂളിന് കിരീടം നേടാൻ വെറും രണ്ട് വിജയകൂടി മാത്രം മതിയായിരുന്നു. കൊറോണ വൈറസ് പടർന്നതിനെ തുടർന്ന് ഏപ്രിൽ 30 വരെ പ്രീമിയർ ലീഗ് നിർത്തിവെക്കുകയും ചെയ്തിരുന്നു.