നാലിൽ നാല്, ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ തലപ്പത്ത് ലിവർപൂൾ തുടരും!!

- Advertisement -

പ്രീമിയർ ലീഗിലെ തങ്ങളുടെ വിജയ പരമ്പര തുടരുന്ന ലിവർപൂൾ ലീഗിൽ മറ്റൊരു ഗംഭീര വിജയം കൂടെ സ്വന്തമാക്കി. ബേർൺലിയുടെ ഗ്രൗണ്ടിൽ ചെന്ന് ഇന്ന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്. ബേർൺലിയുടെ ഹോമിൽ എന്നും കടുപ്പപ്പെട്ട മത്സരങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള ലിവർപൂൾ പക്ഷെ ഇത്തവണ അനായാസം തന്നെ ജയം സ്വന്തമാക്കി.

ലിവർപൂളിനു വേണ്ടി ട്രെന്റ് അർനോൾഡ് ആണ് ആദ്യ ഗോൾ നേടിയത്. താരത്തിന്റെ ഒരു ക്രോസ് ചെയ്യാനുള്ള ശ്രമം ഡിഫ്ലക്റ്റഡ് ആയി വലയിലേക്ക് കയറുകയായിരുന്നു. അത് മുതൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ലിവർപൂൾ മാനെയിലൂടെ ലീഡ് ഇരട്ടിയാക്കി. ഫർമീനോയുടെ അസിസ്റ്റിൽ നിന്നായിരുന്നു മാനെയുടെ ഗോൾ. രണ്ടാം പകുതിയുടെ അവസാനം ഫർമീനോ ഗോൾ നേടിക്കൊണ്ട് ലിവർപൂൾ വിജയം ഉറപ്പിക്കുകയും ചെയ്തു.

നാലു മത്സരങ്ങളിൽ നിന്ന് 12 പോയന്റുമായാണ് ലിവർപൂൾ ലീഗിൽ ഒന്നാമത് നിൽക്കുന്നത്. പ്രീമിയർ ലീഗിൽ അവസാന 13 മത്സരങ്ങളും തുടർച്ചയായി വിജയിച്ച് ക്ലോപ്പും സംഘവും ക്ലബ് റെക്കോർഡ് ഇടുകയും ചെയ്തു.

Advertisement