ആൻഫീൽഡിൽ വിജയിക്കാൻ മാത്രം മാഞ്ചസ്റ്റർ യുണൈറ്റഡ് വളർന്നിട്ടില്ല എന്ന് അടിവരയിട്ടു കൊണ്ട് ലിവർപൂളിന്റെ താണ്ഡവം. ഇന്ന് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത എഴു ഗോളിന് തകർത്തു കൊണ്ട് ക്ലോപ്പിന്റെ ചെമ്പട ടോപ് 4ലേക്ക് അടുത്തു. 2016നു ശേഷം ആൻഫീൽഡിൽ വിജയിക്കാൻ ആയില്ല എന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സങ്കടം മാറ്റാൻ ടെൻ ഹാഗിനുമായില്ല.
ഇന്ന് ആൻഫീൽഡിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിന്ന തുടക്കമാണ് കാണാൻ കഴിഞ്ഞത്. ലിവർപൂൾ പന്ത് കൂടുതൽ കൈവശം വെച്ചു എങ്കിലും നല്ല അവസരങ്ങൾ തുടക്കത്തിൽ സൃഷ്ടിക്കാൻ ആയത് മാഞ്ചസ്റ്റർ യുണൈറ്റഡിനായിരുന്നു. ആന്റണിയുടെ ഒരു ഷോട്ട് അലിസൺ തടയുന്നത് കാണാൻ ആയി. ലൂക് ഷോയുടെ ഒരു ക്രോസിൽ നിന്ന് റാഷ്ഫോർഡിന് ഒരു സുവർണ്ണാവസരം ലഭിച്ചു എങ്കിലും തന്റെ ഫസ്റ്റ് ടൈം ഷോട്ടിൽ നല്ല കണക്ഷൻ താരത്തിന് ലഭിച്ചില്ല.
ആദ്യ പകുതിയിൽ തന്നെ കസെമിറോ ഒരു ഹെഡറിലൂടെ പന്ത് വലയിൽ എത്തിച്ചു എങ്കിലും ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു. മത്സരം ആദ്യ പകുതിക്ക് പിരിയാൻ മിനുട്ടുകൾ മാത്രം ബാക്കിയിരിക്കെ കോഡി ഗാക്പോ ആണ് ലിവർപൂളിന് ലീഡ് നൽകിയത്. റോബേർട്സന്റെ ഒരു ഡിഫൻസ് സ്പ്ലിറ്റിംഗ് പാസ് സ്വീകരിച്ച് ഡച്ച് മാൻ പെനാൾട്ടി ബോക്സിൽ കയറി വരാനെയെയും മറികടന്ന് ഷൂട്ട് ചെയ്യുക ആയിരുന്നു. സ്കോർ 1-0.
ആദ്യ പകുതിയിൽ നിന്ന് രണ്ടാം പകുതിയിൽ എത്തിയപ്പോൾ ലിവർപൂൾ അവരുടെ ഏറ്റവും മികച്ച ഫോമിൽ ആയിരുന്നു. കളി തുടങ്ങി മിനുട്ടുകൾക്ക് അകം ലിവർപൂൾ ലീഡ് ഇരട്ടിയാക്കി. ഇത്തവണ ഡാർവിൻ നുനിയസിന്റെ ഹെഡർ. സ്കോർ 2-0. ഹാർവി എലിയറ്റിന്റെ പേസുള്ള ക്രോസിൽ നിന്നായിരുന്നു ഉറുഗ്വേ താരത്തിന്റെ ഹെഡർ.
പിന്നീട് ഒരു താളവുമില്ലാത്ത മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് കാണാൻ ആയത്. 50ആം മിനുട്ടിൽ വീണ്ടും കോഡി ഗാക്പോ യുണൈറ്റഡ് ഡിഫൻസിനെ കീഴ്പ്പെടുത്തി. ഇത്തവണ മൊ സലായുടെ ഒരു മനോഹര അസിസ്റ്റിൽ നിന്നായിരുന്നു ഗാക്പോയുടെ ഫിനിഷ്. സ്കോർ 3-0. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് കളി പൂർണ്ണമായും ദൂരെയാക്കി.
ലിവർപൂൾ അറ്റാക്ക് നിർത്തിയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് പല മാറ്റങ്ങളും നടത്തി നോക്കി എങ്കിലും ഫലം ഉണ്ടായില്ല. 66ആം മിനുട്ടിൽ ഒരു കൗണ്ടറിൽ നിന്ന് മൊ സലായും ഗോൾ നേടി. ലിവർപൂൾ 4-0 മാഞ്ചസ്റ്റർ യുണൈറ്റഡ്. മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ സീസണിൽ ആൻഫീൽഡിൽ പരാജയപ്പെട്ട അതേ സ്കോർ.
പേടിച്ചു വിറച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് വിറങ്ങലിച്ചു നിൽക്കാനെ രണ്ടാം പകുതിയിൽ ഉടനീളം ആയുള്ളൂ. 75ആം മിനുട്ടിൽ നുനിയസിന്റെ ഹെഡറിൽ അഞ്ചാം ഗോൾ. നൂനിയസിന് രണ്ടാം ഗോളും.സ്കോർ 5-0. ക്ലോപ്പും സംഘവും അടങ്ങിയില്ല. 83ആം മിനുട്ടിൽ സലായുടെ രണ്ടാം ഗോളും വന്നു. 6-0. 89ആം മിനുട്ടിൽ ഫർമിനോയിലൂടെ ഏഴാം ഗോൾ!!
ലിവർപൂളിന്റെ പ്രീമിയർ ലീഗ് ചരിത്രത്തിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെയുള്ള ഏറ്റവും വലിയ വിജയം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയുമാണിത്.
ഈ വിജയത്തോടെ ലിവർപൂൾ 25 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് 49 പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്.