അഞ്ചിൽ അഞ്ചാം ജയം!!! ലിവർപൂളിനെ തടയാൻ ടോട്ടൻഹാമിനും ആയില്ല

- Advertisement -

ലിവർപൂളിന്റെ ആക്രമണ ഫുട്ബോളിനെ തടുക്കാൻ ടോട്ടൻഹാമിനും ആയില്ല. സ്വന്തം ഹോം ഗ്രൗണ്ടിൽ ഇറങ്ങിയിട്ടു വരെ പരാജയം മാത്രമെ സ്പർസിനും പൊചടീനോയ്ക്കും കിട്ടിയുള്ളൂ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ വെംബ്ലിയിൽ ഇന്ന് ജയിച്ചത്‌. 39ആം മിനുട്ടിൽ വൈനാൽഡം ആണ് കളിയിലെ ആദ്യ ഗോൾ നേടിയത്. വൈനാൽഡന്റെ ഹെഡർ സ്പർസ് കീപ്പർ വോം ക്ലിയർ ചെയ്തു എങ്കിലും അതിനു മുമ്പ്തന്നെ ഗോൾ വരെ കഴിഞ്ഞിരുന്നതായി ഗോൾ ടെക്നോളജി വിളിക്കുകയായിരുന്നു.

വൈനാൽഡത്തിന്റെ ഗോൾ അദ്ദേഹത്തിന്റെ ഇംഗ്ലണ്ട് ലീഗിലെ ആദ്യ എവേ ഗോളായിരുന്നു. രണ്ടാം പകുതിയിൽ പോയന്റ് ബ്ലാങ്ക് സ്പോടിൽ നിന്ന് ഫർമിനോയും ലിവർപൂളിനായി സ്കോർ ചെയ്തു. മാനെയുടെ റണ്ണിന് ഒടുവിലായിരുന്നു ഫർമീനോയുടെ ഗോൾ. ഡെലെ അലിയും ലോരിസും ഇല്ലാതെ ഇറങ്ങുയ ടോട്ടൻഹാമിന് അവരുടെ മികവിലേക്ക് കളിയുടെ ഒരു ഘട്ടത്തിലും എത്താൻ കഴിഞ്ഞില്ല. അവസാന നിമിഷം ലമേലയുടെ ഗംഭീര സ്ട്രൈക്കിലൂടെ ഒരു ഗോൾ സ്പർസ് മടക്കിയെങ്കിലും അപ്പോഴേക്ക് സമയം വളരെ വൈകിയിരുന്നു.

സ്പർസിന്റെ ലീഗിലെ തുടർച്ചയായ രണ്ടാം പരാജയം കൂടിയാണിത്. ഇന്നത്തെ ജയത്തോടെ ലിവർപൂളിന് ലീഗിൽ അഞ്ചിൽ അഞ്ച് ജയമായി. ലിവർപൂൾ ആദ്യമായാണ് അഞ്ചിൽ അഞ്ച് മത്സരങ്ങൾ ലീഗിന്റെ തുടക്കത്തിൽ ജയിക്കുന്നത്‌.

Advertisement