ഹഡഴ്സ്ഫീൽഡിനെ മറികടന്ന് ലിവർപൂൾ വീണ്ടും വിജയ വഴിയിൽ

- Advertisement -

സ്വാൻസിയോട് ഏറ്റ അപ്രതീക്ഷിത തോൽവിയിൽ നിന്ന് ലിവർപൂൾ കര കയറി. ഇത്തവണ ഹഡഴ്സ്ഫീൽഡ് ടൗണിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് മറികടന്നാണ് ക്ളോപ്പും സംഘവും വിജയ വഴിയിൽ തിരിച്ചെത്തിയത്. ലിവർപൂളിനായി ചാൻ, സലാഹ്, ഫിർമിനോ എന്നിവരാണ് ഗോളുകൾ നേടിയത്.

റെക്കോർഡ് തുകക്ക് ടീമിൽ എത്തിച്ച വാൻ ഡേയ്ക്കിനെ ബെഞ്ചിൽ ഇരുത്തിയ ക്ളോപ്പ് ഇത്തവണ ലോവരനെ ആദ്യ ഇലവനിലേക്ക് തിരിച്ചു വിളിച്ചു. 26 ആം മിനുട്ടിൽ ചാനിലൂടെ ലിവർപൂൾ ആദ്യ ഗോൾ നേടി. 46 ആം മിനുട്ടിൽ ഫിർമിനോ നിയർ പോസ്റ്റിൽ മികച്ച ഫിനിഷിലൂടെ ലീഡ് രണ്ടാക്കിയതോടെ ആദ്യ പകുതിയിൽ ലിവർപൂൾ രണ്ടു ഗോളുകൾക്ക് മുന്നിലെത്തി.

രണ്ടാം പകുതിയിലും ലിവർപൂൾ ആധിപത്യം തുടർന്നപ്പോൾ ഹഡഴ്സ്ഫീൽഡ് ടൗണിന് കാര്യമായ ആക്രമണങ്ങൾ നടത്താനായില്ല. 78 ആം മിനുട്ടിൽ ചാനെ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി സലാഹ് ലിവർപൂളിന്റെ ജയം ഉറപ്പിക്കുകയായിരുന്നു. ജയത്തോടെ 50 പോയിന്റുള്ള ലിവർപൂൾ നിലവിൽ നാലാം സ്ഥാനത്താണ്‌. 24 പോയിന്റുള്ള ഹഡഴ്സ്ഫീൽഡ് 14 ആം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement