അവസാന 25 മിനിറ്റ് 10 പേരായി ചുരുങ്ങിയിട്ടും വോൾവ്‌സിനെതിരെ വിജയം പിടിച്ചെടുത്ത് ലെസ്റ്റർ. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ലെസ്റ്റർ വിജയം സ്വന്തമാക്കിയത്. മാറ്റ് ഡോഹെർട്ടിയെ ഫൗൾ ചെയ്തതിന് ലെസ്റ്റർ ഫോർവേഡ് വാർഡി ചുവപ്പു കാർഡ് കണ്ടു പുറത്തുപോയതോടെ 10 പേരായിട്ടാണ് ലെസ്റ്റർ മത്സരം പൂർത്തിയാക്കിയത്.
ആദ്യ പകുതിയിലാണ് ലെസ്റ്റർ രണ്ടു ഗോളുകളും നേടിയത്. മത്സരത്തിന്റെ 29മത്തെ മിനുറ്റിൽ ഡോഹെർട്ടിയുടെ സെൽഫ് ഗോളിലാണ് ലെസ്റ്റർ മുൻപിലെത്തിയത്. ഓൾ ബ്രൈട്ടണിന്റെ ക്രോസിൽ നിന്ന് ഹെഡറിലൂടെ സ്വന്തം വലയിൽ തന്നെ ഡോഹെർട്ടി പന്ത് എത്തിക്കുകയായിരുന്നു. തുടർന്ന് ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ മാഡിസണിലൂടെ ലെസ്റ്റർ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഭാഗ്യം തുണക്കാതെ പോയതാണ് വോൾവ്‌സിന് വിനയായത്. മത്സരത്തിൽ മൂന്ന് തവണയാണ് വോൾവ്‌സിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചു പോയത്.
തുടർന്ന് രണ്ടാം പകുതിയിലാണ് വാർഡിക്ക് ചുവപ്പ് കാർഡ് ലഭിച്ചത്. മാറ്റ് ഡോഹെർട്ടിയെ ഫൗൾ ചെയ്തതിനാണു വാർഡിക്ക് റഫറി നേരിട്ട് ചുവപ്പ് കാർഡ് നൽകിയത്. 10 പേരായി ചുരുങ്ങിയെങ്കിലും മികച്ച പ്രതിരോധം സൃഷ്ട്ടിച്ച ലെസ്റ്റർ ഗോൾ വഴങ്ങാതെ മത്സരം പൂർത്തിയാകുകയായിരുന്നു.