ആഴ്സണലിന്റെയും പരിശീലകൻ ഉനൈ എമറിയുടെയും കഷ്ടകാലം തീരുന്നില്ല. ലെസ്റ്ററിനെ നേരിട്ട അവർക്ക് എതിരില്ലാത്ത 2 ഗോളുകളുടെ തോൽവി. ജാമി വാർഡി, ജെയിംസ് മാഡിസൻ എന്നിവരുടെ ഗോളാണ് ലെസ്റ്ററിന് അനായാസ ജയം സമ്മാനിച്ചത്. ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്ത് ഏതാനും ലെസ്റ്ററിനായി. നിലവിൽ 17 പോയിന്റുള്ള ആഴ്സണൽ ഷെഫീൽഡ് യുണൈറ്റഡിന് പിറകിലായി ആറാം സ്ഥാനത്താണ്. ഇന്നും തോറ്റത്തോടെ ആഴ്സണൽ പരിശീലകൻ ഉനൈ എമറിയുടെ സ്ഥാനം തെറിക്കാനും സാധ്യതയുണ്ട്.
ഗോളൊന്നും പിറക്കാതിരുന്ന ആദ്യ പകുതിയിൽ VAR ആണ് ഇത്തവണയും ചർച്ചയിൽ വന്നത്. ലെസ്റ്ററിന് ലഭിക്കേണ്ട പെനാൽറ്റി പക്ഷെ VAR അനുവദിച്ചില്ല. രണ്ടാം പകുതിയിൽ ആഴ്സണൽ പ്രതിരോധം തകർന്ന് അടിയുന്ന കാഴ്ച്ചയാണ് കണ്ടത്. 68 ആം മിനുട്ടിൽ മനോഹരമായ ഒരു ടീം നീക്കത്തിന് ഒടുവിൽ ജാമി വാർഡി ആണ് ലെസ്റ്ററിന്റെ ആദ്യ ഗോൾ നേടിയത്. ഈ സീസണിൽ താരം നേടുന്ന 11 ആം ലീഗ് ഗോളായിരുന്നു അത്. ഏറെ വൈകാതെ വാർഡിയുടെ അസിസ്റ്റിൽ മാഡിസന്റെ ഗോളും പിറന്നതോടെ ഗണ്ണേഴ്‌സ് തോൽവി സമ്മതിച്ചു. കളിയിൽ ഒരിക്കൽ പോലും ആത്മവിശ്വാസം കൈവിടാതെ കളിച്ച ബ്രെണ്ടൻ റോഡ്‌ജെഴ്സിന്റെ ടീം അർഹിച്ച 3 പോയിന്റ് സ്വന്തമാക്കി.
മത്സരത്തിൽ ലെസ്റ്റർ 7 തവണ ആഴ്സണൽ ഗോളിലേക്ക് ഷോട്ട് പായിച്ചപ്പോൾ കേവലം ഒരു ഷോട്ട് മാത്രമാണ് ആഴ്സണലിന് നേടാനായത്.